5.16 കോടിയിലധികം ഡോസ് വാക്സിന്‍ സംസ്ഥാനങ്ങളില്‍ ഉപയോഗിക്കാത്ത കിടക്കുന്നു; കണക്കുകള്‍ പുറത്ത്‌വിട്ട് കേന്ദ്ര സര്‍ക്കാര്‍

ന്യൂദല്‍ഹി; കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോവിഡ് വാക്സിന്‍ ഉപയോഗിക്കാത്ത ഇരിപ്പുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. കേന്ദ്രം സൗജന്യമായി ലഭ്യമാക്കിയതും സംസ്ഥാനങ്ങള്‍ നേരിട്ട് സംഭരിച്ചതുമുള്‍പ്പടെ ഇതുവരെ 72.21 കോടിയിലധികം (72,21,17,085) വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കൈമാറിയിട്ടുണ്ട്. അധികമായി 57  ലക്ഷത്തിലേറെ  (57,56,240) ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും.

ഉപയോഗിക്കാത്ത 5.16 കോടിയിലധികം (5,16,66,835)  വാക്സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളുടെയും/കേന്ദ്രഭരണ പ്രദേശങ്ങളുടെയും പക്കല്‍ ഇനിയും ബാക്കിയുണ്ട്.

ഏവര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവയ്പു നല്‍കുന്ന പ്രക്രിയയുടെ പുതിയ ഘട്ടത്തിന് രാജ്യത്ത് 2021 ജൂണ്‍ 21നാണ് തുടക്കമായത്. പ്രതിരോധ മരുന്നു കൂടുതല്‍ ലഭ്യമാക്കിയതും, സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും മരുന്നുലഭ്യത മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞതും മികച്ച ആസൂത്രണത്തിനും വിതരണശൃംഖല സുതാര്യമാക്കുന്നതിനും സഹായിച്ചു.

കേരളത്തില സ്വകാര്യ ആശുപത്രികളില്‍ 12 കോടി രൂപയുടെ കൊവിഷീല്‍ഡ് വാക്സിന്‍ കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ 12 കോടി ചെലവാക്കി ചെറുകിട ആശുപത്രികള്‍ക്ക് വാങ്ങി നല്കിയ കൊവിഷീല്‍ഡിന്റെ 10 ലക്ഷം ഡോസാണ് കെട്ടിക്കിടക്കുന്നത്.  ആകെ 20 ലക്ഷം ഡോസ് വാക്‌സിനാണ് പണം നല്കിയത്. ഇതില്‍ നിന്നു ലഭിച്ച 10 ലക്ഷം ഡോസും വിതരണം ചെയ്യാനായിട്ടില്ല. സിറം ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സ്വകാര്യ ആശുപത്രികള്‍ക്ക് നേരിട്ട് വാക്‌സിന്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് 3000 ഡോസ് എങ്കിലും വാങ്ങണം. ചെറുകിട ആശുപത്രികള്‍ക്ക് ഇതിന് കഴിയില്ല. ഇതോടെയാണ് സര്‍ക്കാര്‍ ഇടപെട്ട് വാക്‌സിന്‍ വാങ്ങി നല്കിയത്. 630 രൂപ നിരക്കിലാണ് വാക്‌സിന്‍ വാങ്ങിയത്. ഈ തുക സ്വകാര്യ ആശുപത്രികള്‍ തിരിച്ച് സര്‍ക്കാരിന് നല്കണമെന്നായിരുന്നു നിബന്ധന. 150 രൂപ സര്‍വ്വീസ് ചാര്‍ജ് കൂടി ഈടാക്കി 780 രൂപയ്ക്കാണ് ആശുപത്രികള്‍ വാക്‌സിന്‍ കൊടുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സൗജന്യ വാക്‌സിന്‍  നല്കുന്നതിനാല്‍ സ്വകാര്യആശുപത്രികളില്‍ ആളുകള്‍ കുറവാണ്.

ഇങ്ങനെ കെട്ടിക്കിടക്കുന്ന വാക്‌സിനുകള്‍ സര്‍ക്കാര്‍ തിരിച്ചെടുക്കണമെന്നാണ് ആവശ്യം. സ്വകാര്യ ആശുപത്രികള്‍ നല്കിയ തുക അവര്‍ക്ക് തിരികെ നല്കണം. അതിന് വാക്‌സിന്‍ ചലഞ്ചിലൂടെ ലഭിച്ച തുക ഉപയോഗിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വാക്‌സിന് 115 കോടിയോളം രൂപ ചലഞ്ചിലൂടെ ലഭിച്ചു എന്നാണ് കണക്ക്. വാക്‌സിന്‍ ചലഞ്ച് എന്ന് പേരില്‍ ഫണ്ട് പിരിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഇതിന് പ്രത്യേകം അക്കൗണ്ട് രൂപീകരിച്ചിട്ടില്ല. അതിനാല്‍ തന്നെ കൃത്യമായ കണക്കും ലഭ്യമല്ല.
Tags