ന്യൂഡൽഹി: ഹെറോയിൻ വിതരണം ചെയ്ത മൂന്നുപേർ ഡൽഹിയിൽ പിടിയിൽ. ഇവരിൽ നിന്നും 1.1 കിലോ ഹെറോയിനാണ് കണ്ടെത്തിയത്. അന്താരാഷ്‌ട്ര വിപണിയിൽ 2 കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
ഡൽഹിയിലെ സുൽത്താൻപുരി സ്വദേശികളായ ഹുക്കം ചന്ദ്, രോഹിത്ത് എന്നിവരെയും, ഉത്തർപ്രദേശ് ബറേലി സ്വദേശിയായ ഷാഹീദ് ഖാനെയുമാണ് ഡൽഹി ക്രൈം ബ്രാഞ്ച് പിടികൂടിയത്. ഹുക്കും ചന്ദിനെയാണ് പോലീസ് ആദ്യം പിടികൂടിയത്. ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ പിടികൂടുന്നത്.
സുൽത്താൻപുരിയിലെ ധൻ ധൻ സദ്ഗുരു പാർക്കിന് സമീപത്തു വെച്ചാണ് ചന്ദിനെ കസ്റ്റഡിയിൽ എടുക്കുന്നത്. ഇയാളിൽ നിന്നും ഒരു കിലോ ഹെറോയിനാണ് കണ്ടെത്തിയത്.
ചന്ദ് നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് രോഹിത്തിനെ അറസ്റ്റ് ചെയ്തത്. ഇയാളിൽ നിന്നും 100 ഗ്രാം ഹെറോയിനാണ് കണ്ടെത്തിയത്. രോഹിത്തിനെ ചോദ്യം ചെയ്ത പോലീസിന് ഖാനാണ് രോഹിത്തിന് മയക്കുമരുന്ന് വിതരണം ചെയ്തത് എന്ന വിവരം ലഭിച്ചു. വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബറേലി ഫത്തഗഞ്ച് ഈസ്റ്റ് പോലീസ് സ്‌റ്റേഷൻ പരിധിയിൽ വെച്ച് ഇയാൾ അറസ്റ്റിലായി. ഇയാളിൽ നിന്നും 20 കിലോ ഹെറോയിനും പിടികൂടി.
ഡൽഹിയിലും ഉത്തർപ്രദേശിലും ഹെറോയിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കി.