അപ്രതീക്ഷിതമായെത്തിയ കൊറോണ സാധാരണ ജീവിതം താറുമാറാക്കിയതു പോലെ സൗരക്കൊടുങ്കാറ്റ് ഭൂമിയിൽ എത്തിയാലും ഗുരുതരമായ ഭവിഷ്യത്തുകൾ ഉണ്ടാകാമെന്ന് പഠന റിപ്പോർട്ട് . സിഗ്‌കോം 2021 ഡേറ്റാ കമ്യൂണിക്കേഷന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണ പ്രബന്ധത്തിലാണ് ഈ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
സൗരക്കൊടുങ്കാറ്റില്‍ ഭൂമിയിലെ ആധുനിക ജിവിതത്തിന്റെ താളംതെറ്റാമെന്നാണ് മുന്നറിയിപ്പ് . ഇന്റര്‍നെറ്റിന്റെ പ്രവർത്തനം താറുമാറായേക്കാം. ഇങ്ങനെ സംഭവിച്ചാല്‍ സമൂഹങ്ങളില്‍ വലിയൊരു പങ്കും ആഴ്ചകളോ, ചിലപ്പോള്‍ മാസങ്ങളോ വരെ ഒറ്റപ്പെട്ടു പോകാമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് കലിഫോര്‍ണിയയിലെ അസിസ്റ്റന്റ് പ്രൊഫസർ സംഗീത അബ്ദു ജ്യോതി അഭിപ്രായപ്പെടുന്നത് .
എല്ലാ സമയത്തും സൂര്യനില്‍ നിന്നുള്ള കാന്തിക കണങ്ങള്‍ ഭൂമിയുടെ ദിശയിലേക്ക് വരാറുണ്ട് . ഇതാണ് സൗരക്കാറ്റ് ഈ വൈദ്യുതിക്കാറ്റിന്റെ വലിയൊരളവും ഭൂമിയുടെ കാന്തിക കവചത്തില്‍ തട്ടി പോകുന്നു. ഇവ വലിയ ഉപദ്രവമാകാറുമില്ല . എന്നാല്‍, നൂറ്റാണ്ടില്‍ ഒരു തവണയൊക്കെ സൗരക്കാറ്റ് ഒരു സൗരക്കൊടുങ്കാറ്റായി അടിക്കാമെന്നാണ് പ്രബന്ധത്തില്‍ പറയുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് വന്‍വിപത്തു തന്നെ മനുഷ്യരാശിക്കു ഉണ്ടാക്കിയേക്കാം .
തീവ്രമായ ബഹിരാകാശ കാലാവസ്ഥ ഭൂമിയെ ബാധിക്കാനുളള സാധ്യത ഒരു പതിറ്റാണ്ടില്‍ 1.6 ശതമാനം മുതല്‍ 12 ശതമാനം വരെയാണ് . 1921 ലാണ് അവസാനമായി സൗരക്കൊടുങ്കാറ്റ് ഉണ്ടായത് . അതിനു മുൻപ് 1859 ലും അതാകട്ടെ കനത്ത ഭൗമകാന്തിക പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഈ സമയത്ത് ടെലഗ്രാഫ് വയറുകള്‍ക്ക് തീ പിടിച്ചിരുന്നു.
കടലിനടിയിലൂടെ ഇട്ടിരിക്കുന്ന ഇന്റര്‍നെറ്റ് കേബിളുകളെ സൗരക്കൊടുങ്കാറ്റ് ബാധിക്കാം. അങ്ങനെ സംഭവിച്ചാല്‍ മൊത്തം കേബിള്‍ ശൃംഖലയും പ്രവര്‍ത്തനരഹിതമാകുമെന്ന് പ്രബന്ധത്തില്‍ പറയുന്നു. ഒരു പ്രത്യേക മേഖലയില്‍ ഇതു സംഭവിച്ചാല്‍ ഭൂഖണ്ഡങ്ങള്‍ തമ്മിലുള്ള ബന്ധം പോലും വിച്ഛേദിക്കപ്പെടാം. ഇന്റര്‍നെറ്റ് വിച്ഛേദിക്കപ്പെട്ടാല്‍ അമേരിക്കയില്‍ മാത്രം ഒരു ദിവസത്തെ നഷ്ടം 700 കോടി ഡോളറായിരിക്കും.
അടുത്ത സോളാര്‍ സ്‌റ്റോം സൂര്യനില്‍ നിന്നു പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞാല്‍ മനുഷ്യര്‍ക്ക് ഒരുക്കം നടത്താന്‍ ഏകദേശം 13 മണിക്കൂര്‍ ലഭിക്കുമെന്നും പ്രബന്ധത്തിൽ പറയുന്നു