വാട്‌സാപ്പിൽ ശബ്ദസന്ദേശങ്ങൾ കേൾക്കാൻ മാത്രമല്ല, വായിക്കാനും കഴിയുന്ന സംവിധാനം വരുന്നു

വാഷിങ്ടൺ: ഇന്ത്യയിലൊട്ടാകെ കോടിക്കണക്കിന് ഉപഭോക്താക്കൾ നിലവിലുള്ള മെസേജിങ് ആപ്ലിക്കേഷനാണ് വാട്‌സാപ്പ്. ശബ്ദസന്ദേശങ്ങൾ ഉപയോഗിച്ച് വാട്‌സാപ്പിൽ മെസേജിങ് നടത്തുന്നവരാണ് ഭൂരിഭാഗം ഉപഭോക്താക്കളും. അവർക്കായി പുതിയ സംവിധാനമൊരുക്കുകയാണ് വാട്‌സാപ്പ്. ഇനിമുതൽ വാട്‌സാപ്പിലൂടെ അയക്കുന്ന ശബ്ദസന്ദേശങ്ങൾ അഥവാ വോയ്‌സ് മെസേജിനെ കേൾക്കാൻ മാത്രമല്ല വായിക്കാനും കഴിയുമെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

വാട്‌സാപ്പുമായി ബന്ധപ്പെട്ട വിവരങ്ങളും വാർത്തകളും പ്രസിദ്ധീകരിക്കുന്ന വെബ് പോർട്ടലായ ഡബ്ല്യൂ.എ.ബീറ്റ-ഇൻഫോയാണ് ഇതുസംബന്ധിച്ച വിവരം പുറത്തുവിട്ടത്. വാട്‌സാപ്പിൽ സ്വീകർത്താവിന് ലഭിക്കുന്ന ശബ്ദസന്ദേശത്തെ ട്രാൻസ്‌ക്രൈബ് ചെയ്യാനുള്ള ഓപ്ഷനാണ് വികസിപ്പിക്കുന്നതെന്ന് ഡബ്ല്യൂ.എ.ബീറ്റ-ഇൻഫോയിൽ വ്യക്തമാക്കുന്നു.

വാട്‌സാപ്പിൽ അയക്കുന്ന ശബ്ദസന്ദേശങ്ങൾ സ്വീകർത്താവിന് എല്ലായിപ്പോഴും കേൾക്കാൻ സാധിക്കുന്ന സാഹചര്യമാകണമെന്ന് നിർബന്ധമില്ല. സന്ദേശം ഉച്ചത്തിൽ പ്ലേ ചെയ്യാൻ കഴിയാത്ത അന്തരീക്ഷത്തിലാണ് സ്വീകർത്താവെങ്കിൽ, മുഴുവൻ സന്ദേശവും കേട്ടുതീർക്കാൻ സമയമില്ലെങ്കിൽ, ചിലപ്പോൾ ഹെഡ്‌സെറ്റ് കയ്യിൽ കരുതാത്തതിനാൽ തുടങ്ങി നിരവധി സാഹചര്യങ്ങളിൽ വോയ്‌സ് മെസേജ് കേൾക്കാൻ കഴിയാതെ വരാം. ഇത്തരം സന്ദർഭങ്ങളിൽ സന്ദേശത്തെ വായിക്കാൻ കഴിയുന്ന വിധത്തിൽ രൂപമാറ്റം വരുത്താനുള്ള സംവിധാനം നൽകുകയാണ് വാട്‌സാപ്പ് ഉദ്ദേശിക്കുന്നത്. ആൻഡ്രോയ്ഡ്-ആപ്പിൾ മൊബൈലുകളിൽ ഉടൻ തന്നെ വാട്‌സാപ്പിന്റെ പുതിയ സംവിധാനം നിലവിൽ വരുമെന്നാണ് സൂചന.
Tags