ദില്ലി: പെഗാസസ് വിഷയത്തില്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് നിലപാട് ആര്‍ത്തിച്ച് കേന്ദ്രം. പെഗാസസ് ഉപയോഗിച്ചോ എന്ന് സത്യവാങ്മൂലം നല്‍കാനാവില്ല. കമ്മിറ്റി നിയോഗിച്ചാല്‍ അവിടെ വെളിപ്പെടുത്താമെന്നാണ് കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചത്. ദേശീയ സുരക്ഷയ്ക്കായി ചില നിരീക്ഷണം വേണ്ടുവരുമെന്നും കേന്ദ്രം അറിയിച്ചു. ദേശീയ സുരക്ഷയെ ബാധിക്കാത്ത വിവരങ്ങള്‍ നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
രാജ്യത്തെ പൗരന്മാരാണ് അവകാശലംഘനം കോടതിയില്‍ ഉയര്‍ത്തിയിരിക്കുന്നത്. ഒരു വിഭാഗം ആളുകളെ നിരീക്ഷിക്കാന്‍ ഒരു സോഫ്റ്റ് വെയര്‍ ഉപയോഗിച്ചോ എന്നതാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. നിയമ ലംഘനം നടന്നെന്ന പരാതി ഗൗരവത്തോടെ കാണുന്നുവെന്നും വിദഗ്ധ സമിതി ഇക്കാര്യം പരിശോധിക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സമിതിയുടെ അന്വേഷണം കോടതി നിരീക്ഷണത്തിലാക്കുന്നതിലും എതിർപ്പില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു. സമിതിയുടെ കാര്യം ആവർത്തിക്കേണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
പെഗാസസ് ആർക്കും ഉയോഗിക്കാനാകുന്ന തരത്തിൽ ലഭ്യമെന്ന് മന്ത്രി സമ്മതിച്ചിരുന്നു എന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിക്ക് വിവരങ്ങൾ നൽകാനാകില്ലെന്ന കേന്ദ്ര നിലപാട് ഞെട്ടിക്കുന്നതാണെന്നും സിബൽ പറഞ്ഞു. വിഷയത്തില്‍ ഇടക്കാല ഉത്തരവ് ഇറക്കേണ്ടി വരുമെന്ന് സുപ്രീം കോടതി കൂട്ടിച്ചേര്‍ത്തു.