റായ്പൂർ : ഛത്തീസ്ഗഡിൽ സുരക്ഷാ സേനയ്‌ക്ക് നേരെ കമ്യൂണിസ്റ്റ് ഭീകരാക്രമണം. ഐഇഡി സ്‌ഫോടനത്തിൽ ജവാന് പരിക്കേറ്റു. രാവിലെയോടെയായിരുന്നു സംഭവം.
ബിജാപൂർ ജില്ലയിലെ അവപ്പള്ളി- ബസഗുഡ പാതയിലായിരുന്നു ആക്രമണം ഉണ്ടായത്. സിആർപിഎഫ് 168 ബറ്റാലിയന് നേരെയായിരുന്നു ആക്രമണം. റോഡിൽ സുരക്ഷ ഒരുക്കുന്നതിനായി എത്തിയതായിരുന്നു സുരക്ഷാ സേന. റോഡിലും പരിസരത്തും പരിശോധന നടത്തുന്നതിനിടെ ഭീകരർ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിക്കുകയായിരുന്നു.
പരിക്കേറ്റ ജവാൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന് ഇരു കാലുകൾക്കുമാണ് ഗുരുതരമായി പരിക്കേറ്റിട്ടുള്ളത്. ജവാൻ അപകടനില തരണം ചെയ്‌തെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ ബസഗുഡ പോലീസ് അന്വേഷണം ആരംഭിച്ചു. സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.