ജലീൽ ഇ.ഡി ഓഫീസിൽ; കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ തെളിവ് നൽകാനെന്ന് സൂചന

കൊച്ചി: മുൻ മന്ത്രി കെ.ടി.ജലീൽ കൊച്ചി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലെത്തി. മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനുമെതിരെ ജലീൽ ഉയർത്തിയ ആരോപണങ്ങളിൽ തെളിവ് നൽകുന്നതിനായി എത്തിയിരിക്കുന്നുവെന്നാണ് വിവരം.

എ ആർ നഗർ സഹകരണ ബാങ്കിൽ പി.കെ.കുഞ്ഞാലിക്കുട്ടിക്കും മകനും കള്ളപ്പണ നിക്ഷേപം ഉണ്ടെന്നും, ഇരുവരും കള്ളപ്പണം വെളുപ്പിക്കൽ നടത്തിയിട്ടുണ്ടെന്നും ജലീൽ ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച് വിവിധ കേന്ദ്ര ഏജൻസികൾക്ക് ജലീൽ പരാതിയും നൽകി. ഇതിന്റെ പശ്ചാത്തലത്തിലാണ് ജലീൽ തെളിവുകൾ ഹാജരാക്കുന്നതിനായി ഇ.ഡി ഓഫീസിൽ എത്തിയത്.

ഇന്ന് രാവിലെ 10.45ഓടെയാണ് എംഎൽഎ ബോർഡ് വച്ച കാറിൽ കൊച്ചിയിലെ ഇ.ഡി ഓഫീസിൽ ജലീൽ എത്തിയത്. ചന്ദ്രിക ദിനപ്പത്രവുമായി ബന്ധപ്പെട്ട പത്ത് കോടിയുടെ കള്ളപ്പണ ഇടപാട് ആരോപണത്തിൽ ഇ.ഡി അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കുഞ്ഞാലിക്കുട്ടിക്ക് ബാങ്കിൽ 300 കോടി രൂപയുടെ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന് ജലീൽ ആരോപണം നടത്തിയത്. ബാങ്ക് സെക്രട്ടറി ഹരികുമാറിനെതിരെയും ജലീൽ ആരോപണം ഉയർത്തിയിരുന്നു.
Tags