രാജ്യത്ത് കൊവിഡ് വ്യാപനം കുറഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 42 ജില്ലകളിൽ മാത്രം പ്രതിദിനം നൂറിലധികം കൊവിഡ് കേസുകളുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. അധികം വൈകാതെ രോഗവ്യാപനത്തോത് നിയന്ത്രിതമാകുമെന്നും കൊവിഡ് വ്യാപനം കുറയാൻ കേന്ദ്ര സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കേരളത്തിൽ നിലവിലെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 14 മുതൽ 19 വരെ ശതമാനമാണ്. കേരളത്തിന്റെ അയൽസംസ്ഥാനങ്ങളിലേക്ക് വ്യാപനം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയിൽ കണ്ടെയ്ൻമെന്റ് സോണുകളിൽ ശക്തമായ നിരീക്ഷണവും സഞ്ചാര നിയന്ത്രണവും ഏർപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
കേരളത്തിൽ കൊവിഡ് വ്യാപനം തടയാൻ സമര്‍ഥവും തന്ത്രപരവുമായ ലോക്ഡൗൺ രീതികൾ അവലംബിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് കൊവിഡ് രോഗികളിൽ 85 ശതമാനവും വീടുകളിൽ ഐസലേഷനിൽ കഴിയുന്ന സാഹചര്യത്തിലാണ് ഇത്തരത്തിൽ ഒരു നിർദേശമെന്നും കേന്ദ്ര സർക്കാർ പറഞ്ഞിരുന്നു.