നിസാമുദിൻ എക്സ്പ്രസ് ട്രെയിൻ കവർച്ച ; അന്വേഷണത്തിന് പ്രത്യേക സ്‌ക്വാഡ്

നിസാമുദിൻ – തിരുവനന്തപുരം എക്സ്പ്രസിലെ കവർച്ചാ കേസ് അന്വേഷണത്തിന് പൊലീസിൻെറ പ്രത്യേക സ്‌ക്വാഡ്. എറണാകുളം റെയിൽവേ ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കും. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തിരുവനന്തപുരത്തെത്തിയ ട്രെയിനിൽ യാത്രക്കാരായ മൂന്ന് സ്ത്രീകളെ മയക്കി കിടത്തി കൊള്ളയടിച്ചത്

ഇതിനിടെ കവർച്ചയ്ക്ക് പിന്നിലെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ ചിത്രം പൊലീസ് പുറത്തുവിട്ടിരുന്നു . കവർച്ചയ്ക്ക് പിന്നിൽ കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷയെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ട്രെയിനിൽ ഒപ്പം ഉണ്ടായിരുന്നെന്ന് യാത്രക്കാരിയായ വിജയലക്ഷ്മി തിരിച്ചറിഞ്ഞിരുന്നു. മൂന്ന് സ്ത്രീകളെയാണ് പ്രതി മയക്കി കിടത്തി കവർച്ച നടത്തിയത്.

റെയിൽവേ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാഷ നിസാമുദിൻ എക്സ്പ്രസിൽ ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചത്. തിരുവല്ല സ്വദേശികളായ വിജയലക്ഷ്മിയുടെയും മകളുടേയും കൈവശമുണ്ടായിരുന്ന പത്ത് പവൻ സ്വർണവും രണ്ട് മൊബൈൽ ഫോണുകളും, കൗസല്യയുടെ സ്വർണവും മോഷണം പോയതായാണ് വിവരം.
Tags