ഗാന്ധിനഗര്‍: ഗുജറാത്ത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ഗുജറാത്തിൻ്റെ പതിനേഴാമത് മുഖ്യമന്ത്രിയാണ് ഭൂപേന്ദ്ര പട്ടേല്‍. ഇന്നലെ ബിജെപി നിയമസഭ കക്ഷിയോഗത്തിലാണ് ആനന്ദിബെന്‍ പട്ടേലിന്‍റെ വിശ്വസ്തനായ ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്. ആദ്യ തവണ എംഎല്‍എയാകുന്ന ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം അപ്രതീക്ഷിതമായിരുന്നു.
പട്ടേല്‍ വിഭാഗത്തില്‍ നിന്നുള്ള കടുത്ത എതിർപ്പ് മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് അതേ വിഭാഗത്തില്‍ നിന്ന് തന്നെ ഒരാളെ മുഖ്യമന്ത്രിയാക്കാനുള്ള ബിജെപി തീരുമാനം. സംസ്ഥാനത്തെ മുതിർന്ന നേതാക്കളെയെല്ലാം വെട്ടിയാണ് ആദ്യമായി എംഎല്‍എ ആകുന്ന ഭൂപേന്ദ്ര പട്ടേലിനെ ബിജെപി മുഖ്യമന്ത്രിയാക്കുന്നത്. നേരത്തെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോർപ്പറഷന്‍ സ്റ്റാന്‍റിങ് കമ്മിറ്റി ചെയർമാനും അഹമ്മദാബാദ് അർബന്‍ ഡവലപ്പ്മെന്‍റ് അതോറിറ്റി ചെയർമാനുമെല്ലാമായ ഭൂപേന്ദ്ര പട്ടേല്‍ 2017 ലാണ് ആദ്യമായി എംഎല്‍എ ആയത്.