റഷ്യ – അമേരിക്ക സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിൽ ; അജിത് ഡോവലുമായി രഹസ്യ ചർച്ച; അഫ്ഗാൻ മുഖ്യ അജണ്ട

ന്യൂഡൽഹി: അഫ്ഗാനിൽ ഭരണം പിടിച്ച താലിബാനോട് ഇന്ത്യ സ്വീകരിക്കുന്ന സമീപനം ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ. താലിബാൻ തീവ്രവാദം അതിർത്തി കടക്കുന്നത് തടയാനും വിവിധ രാജ്യങ്ങളുടെ ആഭ്യന്തര സുരക്ഷയിലും ഇന്ത്യയുടെ നിലപാട് നിർണായകമാണ്. അതുകൊണ്ടു തന്നെയാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അമേരിക്കയുടെയും റഷ്യയുടെയും സുരക്ഷാ ഏജൻസി മേധാവികൾ ഡൽഹിയിലെത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി തിരക്കിട്ട കൂടിക്കാഴ്ചകൾ നടത്തിയത്.

അഫ്ഗാനിലെ താലിബാൻ സർക്കാർ രൂപീകരണത്തിന് പിന്നാലെയാണ് അമേരിക്കയും റഷ്യയും ഇന്ത്യ കേന്ദ്രമാക്കി സുപ്രധാന ചർച്ചകൾ നടത്തിയത്. അമേരിക്കയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവി വില്ല്യം ബേൺസാണ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തി മടങ്ങിയത്. അഫ്ഗാനിൽ ഭരണകൂടത്തെ താലിബാൻ പ്രഖ്യാപിച്ച പശ്ചാത്തലത്തിനാണ് അടിയന്തിര സന്ദർശനം നടന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസും സ്ഥിരീകരിച്ചുകഴിഞ്ഞു.

അജിത് ഡോവലും വില്യം ബേൺസുമായി അതീവ രഹസ്യമായിട്ടാണ് കൂടിക്കാഴ്ച നടന്നത്. ചർച്ചയുടെ വിശദാംശങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. യുഎസിന്റെ കൈയ്യിലുളള ആഗോള ഭീകരരുടെ പട്ടികയിലെ പ്രധാനികളെല്ലാം താലിബാനിലൂടെ അഫ്ഗാൻ ഭരണനേതൃത്വത്തിലേക്ക് എത്തുന്നതാണ് അമേരിക്കയെ ചൊടിപ്പിക്കുന്നത്.

യുഎസ് സൈന്യത്തെ പിൻവലിച്ചതിന്റെ പേരിൽ രൂക്ഷവിമർശനം ഏറ്റുവാങ്ങുന്ന ബൈഡന് ഇതുയർത്തുന്ന നാണക്കേട് ഇരട്ടിപ്രഹരമാണ്. ഇന്ത്യയാണ് നിലവിൽ മേഖലയിൽ അമേരിക്കയുടെ പ്രതിരോധനയത്തെ ഏറ്റവുമധികം പിന്തുണയ്‌ക്കുന്ന രാജ്യം. ഡോവലും ബേൺസുമായി നടന്ന ചർച്ച ആ നിലയ്‌ക്കാണ് ചൈന ഉൾപ്പെടെയുളള രാജ്യങ്ങൾ വിലയിരുത്തുന്നതും.

Tags