പൂതേരി ബംഗ്ലാവ് പൊളിക്കാൻ ഒരുങ്ങി ഗുരുവായൂർ ദേവസ്വം; അരുതെന്ന് ഭക്തരും സമീപവാസികളും; ഹൈടെക് ഊട്ടുപുരയ്‌ക്ക് സൗജന്യ സ്കെച്ചും പ്ലാനുമായി സ്വകാര്യ കമ്പനി

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിനടുത്ത് പഴമയുടെ പ്രൗഢിയിൽ തലയുയർത്തി നിൽക്കുന്ന പൂതേരി ബംഗ്ലാവും ഓർമയാകുന്നു. കിഴക്കേനടയിൽ അഡ്മിനിസ്‌ട്രേറ്ററുടെ വസതിയായി ഉപയോഗിച്ച് വരുന്ന പൂതേരി ബംഗ്ലാവ് പൊളിച്ചുമാറ്റി ഹൈടെക്ക് നിലവാരത്തിലുള്ള ഊട്ടുപുരയാണ് ലക്ഷ്യമിടുന്നത്. ഇതിന് ടെൻഡർ നടപടികൾ പൂർത്തിയായെന്നാണ് ദേവസ്വം അധികൃതർ നൽകുന്ന സൂചന. എന്നാൽ അത്യാധുനിക രീതിയിലുള്ള നാലുനില ഊട്ടുമന്ദിരത്തിനായി പൂതേരി ബംഗ്ലാവ് പൊളിക്കരുതെന്ന ആവശ്യമാണ് ഭക്തർക്കിടയിലും സമീപവാസികളിലും ഉയരുന്നത്.

നിലവിൽ അഷ്ടമിരോഹിണി സദ്യയ്‌ക്കും ഉത്സവ കഞ്ഞിക്കും മാത്രമായി അന്നലക്ഷ്മി ഹാൾ കൂടാതെ പൊളിച്ചുമാറ്റാവുന്ന രീതിയിലുള്ള പന്തൽ നിർമിച്ചിട്ടുണ്ട്. സാധാരണ താൽകാലിക പന്തൽ നിർമിക്കുന്ന സ്ഥാനത്താണ് കൂടുതൽ സൗകര്യത്തോടെ ഇത് നിർമിച്ചിരിക്കുന്നത്. ഇത്രയധികം ഊട്ടുപുര സൗകര്യങ്ങൾക്ക് പുറമെയാണ് പൂതേരി ബംഗ്ലാവ് പൊളിച്ച് 32 കോടി രൂപ ചിലവിൽ ഊട്ടുമന്ദിരം പണിയുന്നത്. ഇതിനായി ശോഭാ ഡെവലപ്പേഴ്‌സ് പ്ലാനും സ്‌കെച്ചും സൗജന്യമായി സമർപ്പിച്ചെന്നാണ് വിവരം.

കോഴിക്കോട്ടെ സമ്പന്ന കുടുംബമായ പൂതേരി തറവാട്ടുകാരുടേതായിരുന്നു ബംഗ്ലാവ്. പഴയകാലത്തെ പ്രശസ്ത മാന്ത്രികനും നടി വിധുബാലയുടെ ഭർത്താവുമായ ഭാഗ്യനാഥായിരുന്നു ബംഗ്ലാവിന്റെ ഉടമസ്ഥൻ. നിർമാണ ചാരുതയാലും മനോഹരമായ ഇടനാഴികളാലും വ്യത്യസ്തമാണ് പൂതേരി ബംഗ്ലാവ്. കോഴിക്കോട് സാമൂതിരി കുടുബംത്തിലെ അതിഥികൾ ഗുരുവായൂരിലെത്തുമ്പോൾ ഇവിടെയാണ് താമസിച്ചിരുന്നത്. എന്നാൽ പിന്നീട് ബംഗ്ലാവ് ഗുരുവായൂരപ്പന് സമർപ്പിച്ചതിന് ശേഷം ദേവസ്വം ഏറ്റെടുക്കുകയായിരുന്നു.

പഴമയുടെ പ്രതീകമായ ബംഗ്ലാവ് പൊളിച്ചുമാറ്റി ബഹുനില കെട്ടിടം പണിയാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നും പൈതൃക സ്മാരകമായി പരിപാലിക്കണമെന്നുമാണ് ഭക്തരുടെ ആവശ്യം. അനാവശ്യമായ ബൃഹത്ത് മരാമത്ത് പ്രവൃത്തികൾ നടത്തുന്നതിന്റെ പേരിൽ വൻ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. ബംഗ്ലാവ് മാറ്റി വലിയ ഊട്ടുപുര ഉയരുന്നതോടെ അധികം വൈകാതെ അന്നലക്ഷ്മി ഹാളും പൊളിക്കുമെന്നാണ് വിവരം.
Tags