പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണം; ഗോസംരക്ഷണം മൗലികാവകാശമാക്കി മാറ്റണമെന്ന് അലഹാബാദ് ഹൈക്കോടതി

അലഹാബാദ് : ഇന്ത്യയുടെ സംസ്‌കാരത്തിന്റെ ഭാഗമായ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് അലഹാബാദ് ഹൈക്കോടതി. പശുസംരക്ഷണം ഹിന്ദുക്കളുടെ മൗലികാവകാശമാക്കി മാറ്റണം. ഇത് സംബന്ധിച്ച് പാർലമെന്റിൽ ബില്ല് അവതരിപ്പിക്കണമെന്നും ജസ്റ്റിസ് ശേഖർ യാദവ് അദ്ധ്യക്ഷനായ സിംഗിൾ ബെഞ്ച് നിർദ്ദേശിച്ചു. പശു സംരക്ഷണ നിയമം നിലനിൽക്കുന്ന ഉത്തർപ്രദേശിൽ കന്നുകാലിയെ കശാപ്പ് ചെയ്തയാളുടെ ഹർജി തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം.

ഒരു രാജ്യത്തിന്റെ സംസ്‌കാരത്തിനും വിശ്വാസത്തിനും മുറിവേൽക്കുമ്പോൾ ആ രാജ്യം ബലഹീനമായി മാറുന്നു. മൗലികാവകാശം എന്നത് ഗോമാംസം കഴിക്കുന്നവരുടെ മാത്രം അവകാശമല്ല. പശുവിനെ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് ഈ രാജ്യത്ത് അർത്ഥവത്തായ ജീവിതം നയിക്കാനുള്ള അവകാശമുണ്ട്. ജീവിക്കാനുള്ള അവകാശം എന്നത് കൊല്ലാനുള്ള അവകാശത്തേക്കാൾ മുകളിലാണെന്നും ഗോമാംസം കഴിക്കാനുള്ള അവകാശം ഒരിക്കലും മൗലികാവകാശമായി കണക്കാകാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.

പ്രായമായാലും പശുവിനെക്കൊണ്ട് നാടിന് ഉപയോഗം മാത്രമാണ് ഉള്ളത്. ചാണകവും ഗോമൂത്രവും മരുന്ന് നിർമ്മിക്കാനും കൃഷിക്ക് വളമായി ഉപയോഗിക്കാനാകും സാധിക്കും. അമ്മയായി പരിഗണിക്കുന്ന ഒരു ജീവിയെ ആർക്കും കൊല്ലാൻ അവകാശമില്ലെന്നും കോടതി വ്യക്തമാക്കി.

പശുവിന്റെ പ്രാധാന്യം ഹിന്ദുക്കൾ മാത്രമല്ല മനസിലാക്കിയിരുന്നത്. പ്രാചീന കാലത്ത് മുഗൾ ചക്രവർത്തിമാർ ഗോമാതാവിനെ രാജ്യസംസ്‌കാരത്തിന്റെ ഭാഗമായി പരിഗണിച്ചിരുന്നു. ബാബർ, ഹുമയൂൺ, അക്ബർ എന്നിവരുടെ ഭരണകാലത്ത് മതപരമായ ഉത്സവങ്ങളിൽ പോലും പശുക്കളെ ബലിയർപ്പിക്കുന്നത് നിരോധിച്ചിരുന്നു. അഞ്ച് മൂസ്ലീം ഭരണാധികാരികളാണ് ഗോവധം നിരോധിച്ചത്. മൈസൂർ നവാബ് ഹൈദരലി ഗോഹത്യയെ ശിക്ഷാർഹമായ കുറ്റമാക്കി മാറ്റുകയുമുണ്ടായി.

പശു സംരക്ഷണത്തെക്കുറിച്ചും അഭിവൃദ്ധിയെക്കുറിച്ചും സംസാരിക്കുന്നവർ പശുവിനെ ഭക്ഷിക്കുന്നവരായി മാറുന്നത് വളരെ വേദനാജനകമാണ്. സർക്കാർ ഗോശാലകൾ നിർമ്മിക്കുന്നുണ്ടെന്നും പക്ഷേ പശുക്കളെ പരിപാലിക്കാൻ ഏൽപ്പിച്ച ആളുകൾ അത് ചെയ്യുന്നില്ലെന്നും കോടതി വ്യക്തമാക്കി.
Tags