ന്യൂഡൽഹി : 125 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ശ്രീല ഭക്തിവേദാന്ത സ്വാമി പ്രഭുപാദരുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് അദ്ദേഹം പ്രത്യേക സ്മാരക നാണയം പുറത്തിറക്കിയത്. വീഡിയോ കോൺഫറൻസിലൂടെ നടന്ന ചടങ്ങിൽ കേന്ദ്ര സാസ്‌കാരിക മന്ത്രി ജി കിഷൻ റെഡ്ഡിയും പങ്കെടുത്തു.
ശ്രീല പ്രഭുപാദരുടെ 125-ാം ജന്മദിനം ആഘോഷിക്കുന്ന ഇന്ന് ധ്യാനത്തിന്റെയും ഭക്തിയുടെയും സംതൃപ്തിയുടെയും സന്തോഷം ഒന്നിച്ചിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ശ്രീകൃഷ്ണ ഭക്തരും പ്രഭുപാദരുടെ ദശലക്ഷക്കണക്കിന് അനുയായികളും ഈ ദിവസം ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ഹരേ കൃഷ്ണ മൂവ്മെന്റ് എന്നറിയപ്പെടുന്ന ഇന്റർനാഷണൽ സൊസൈറ്റി ഫോർ കൃഷ്ണ കോൺഷ്യസ്നെസിന്റെ (ഇസ്‌കോൺ) സ്ഥാപകനാണ് സ്വാമി പ്രഭുപാദർ. ലോകത്തിന് ഭക്തി യോഗയുടെ നേർവഴി കാണിച്ചുകൊടുത്ത അദ്ദേഹം രാജ്യത്ത് നൂറോളം ക്ഷേത്രങ്ങൾ സ്ഥാപിക്കുകയും നിരവധി പുസ്തകങ്ങൾ രചിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ പൈതൃക സ്വത്തായ ഭഗവദ് ഗീത ഉൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ 89 ഭാഷകളിലേക്കായി ഇസ്‌കോൺ വിവർത്തനം ചെയ്തിട്ടുണ്ട്.
1896 സെപ്റ്റംബർ 1 ന് കൊൽക്കത്തയിൽ ജനിച്ച ശ്രീല പ്രഭുപാദർ ആദ്യകാലത്ത് മരുന്ന് കട നടത്തിയിരുന്നു. തുടർന്ന് 1959 ൽ രാജ്യം വിട്ട് വിദേശ നാടുകളിൽ സഞ്ചരിച്ചു. ലോകമെമ്പാടുമുള്ളവരിലേക്ക് ശ്രീകൃഷ്ണ ഉപദേശങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ജനങ്ങളെ സമീപിച്ചത്. 1965 ൽ ന്യൂയോർക്കിലെത്തിയ ശേഷമാണ് അദ്ദേഹം ഇസ്‌കോൺ ആരംഭിച്ചത്