തിരുവനന്തപുരം: കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു. സിപിഎമ്മിൽ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാർ അറിയിച്ചു. അൽപ്പസമയം മുമ്പാണ് കൊല്ലത്ത് നിന്നുള്ള കോൺഗ്രസ് നേതാവ് രതികുമാർ രാജി പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ രണ്ടര വർഷത്തോളമായി കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു രതികുമാർ അതിന് മുമ്പ് സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു.
കെപിസിസി ജനറൽ സെക്രട്ടറി കെപി അനിൽ കുമാറിന് പിന്നാലെയാണ് രതികുമാറും കോൺഗ്രസ് വിട്ട് സിപിഎമ്മിലേക്ക് ചേക്കേറുന്നത്. കൂടുതൽ നേതാക്കൾ കോൺഗ്രസ് വിട്ടെത്തുമെന്ന് ഇന്നലെ തന്നെ അനിൽകുമാർ സൂചന നൽകിയിരുന്നു. മുതിർന്ന നേതാക്കളായ കോടിയേരി ബാലകൃഷ്ണൻ, എകെ ബാലൻ പികെ ശ്രിമതി, അടക്കമുള്ളവർ എകെജി സെന്ററിലെത്തിയിട്ടുണ്ട്. രതികുമാർ അൽപ്പസമയത്തിനകം എകെജി സെന്ററിലേക്ക് എത്തിച്ചേരുമെന്നാണ് വിവരം. കൂടുതൽ പേർ രാജിവെക്കുന്നത് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.