ഹരിയാനയിൽ അജ്ഞാത പനി; പത്ത് ദിവസത്തിനകം മരിച്ചത് 8 കുട്ടികൾ

ഛണ്ഡിഗഡ്: ഹരിയാനയിൽ അജ്ഞാത പനി ബാധിച്ച് എട്ട് കുട്ടികൾ മരിച്ചു. പത്ത് ദിവസത്തിനിടെയാണ് മുഴുവൻ കുട്ടികളുടെയും മരണം സംഭവിച്ചത്. ഹരിയാനയിലെ പൽവാർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ചില്ലി ഗ്രാമത്തിലാണ് സംഭവം.


പനി ബാധിച്ച് ചികിത്സ തേടുന്ന കുട്ടികളുടെ ആരോഗ്യനില ദിവസങ്ങൾക്കകം വഷളാകുകയും മരണം സംഭവിക്കുകയുമായിരുന്നു. ഇവർക്ക് കൊറോണ ബാധിച്ചിട്ടില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ യഥാർത്ഥ മരണകാരണം എന്താണെന്ന് കണ്ടെത്താൻ ഡോക്ടർമാർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. നിലവിൽ സമാന രോഗലക്ഷണങ്ങളുമായി 44 പേർ ചികിത്സയിലാണ്. ഇവരിൽ 35 പേരും കുട്ടികളാണെന്നതാണ് ഭീതിപ്പെടുത്തുന്നത്.

മരിച്ച കുട്ടികളിൽ ഭൂരിഭാഗം പേർക്കും പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡെങ്കിപ്പനിയുടെ സാധ്യതയും ഡോക്ടർമാർ തള്ളിക്കളഞ്ഞിട്ടില്ല. നിലിവിൽ ജില്ലയിലെ വീടുകൾ കയറിയിറങ്ങി ആരോഗ്യപ്രവർത്തകരും ആശാവർക്കർമാരും ബോധവത്കരണം നടത്തുന്നുണ്ട്. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന എല്ലാവർക്കും മലേറിയ, ഡെങ്കിപ്പനി, കൊറോണ പരിശോധനകൾ നടത്താനും നിർദേശമുണ്ട്.
Tags