യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു

കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താക്കളുടെ നിയമനം മരവിപ്പിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണനെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വക്താവായി തെരഞ്ഞെടുത്ത പട്ടികയാണ് മരവിപ്പിച്ചത്. നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം തുടര്‍നടപടിയെന്ന് ദേശീയ നേതൃത്വം അറിയിച്ചു.


സജീവ രാഷ്ട്രീയത്തില്‍ ഇല്ലാത്തവരെ വക്താക്കളാക്കിയെന്നായിരുന്നു വിമര്‍ശനം. അര്‍ജുന്‍ രാധാകൃഷ്ണന് പുറമേ ആതിര രാജേന്ദ്രന്‍, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരായിരുന്നു വക്താക്കള്‍. പുതിയ അഞ്ചു വക്താക്കളില്‍ നാലു പേരെയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കോ, നേതാക്കള്‍ക്കോ അറിയില്ലെന്ന് ആക്ഷേപം ഉയര്‍ന്നു. അര്‍ജുന്‍ രാധാകൃഷ്ണന് സംഘടന പരിചയമില്ലെന്നായിരുന്നു പ്രധാനമായും ഉയര്‍ന്ന ആരോപണം.

യൂത്ത് കോണ്‍ഗ്രസിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ വിശദീകരണവുമായി രംഗത്തെത്തി. സംസ്ഥാന കമ്മിറ്റിക്കോ പ്രസിഡന്റ് എന്ന നിലയ്ക്ക് തനിക്കോ ഈ നിയമനത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ഷാഫിയുടെ പ്രതികരണം.
Tags