ന്യൂഡൽഹി: വീണ്ടും നാൽപതിനായിരം കടന്ന് ഇന്ത്യയിൽ പ്രതിദിന കൊറോണ രോഗികൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 വൈറസ് ബാധിതരാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ പോസിറ്റീവ് കേസുകളുടെ എണ്ണം 3,28,57,937 ആയി. ഇന്നലത്തേക്കാൾ 12 ശതമാനം രോഗികൾ കൂടുതലുണ്ട്. കേരളത്തിലെ കൊറോണ നിരക്കാണ് രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കുന്നത്.
ഇന്നലെ 16 ലക്ഷത്തിലധികം സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ആകെ പരിശോധനകളുടെ എണ്ണം 52.31 കോടി കവിഞ്ഞു. പുതിയതായി 509 പേരുടെ മരണങ്ങൾ കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ആകെ മരണസംഖ്യ 4,39,020 ആയി. 97.48 ശതമാനമാണ് രോഗമുക്തി നിരക്ക്. നിലവിൽ 3,89,583 സജീവ രോഗികളാണ് രാജ്യത്തുള്ളത്. ഇതിൽ രണ്ട് ലക്ഷരത്തിലധികം രോഗികളും കേരളത്തിലാണ്.
രാജ്യത്തെ വാക്‌സിനേഷൻ നിരക്കിലും ഉയർച്ചയുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,09,244 പേർക്ക് വാക്‌സിൻ നൽകി. മറ്റ് സംസ്ഥാനങ്ങളിൽ അനുദിനം റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും കേരളത്തിൽ കൊറോണ വ്യപനം കൂടുകയാണ്.