ബത്തേരി: വയനാട്ടിലെ കാടുകളിലെ കണക്കെടുപ്പ് നടത്താൻ സ്ഥാപിച്ച ക്യാമറകൾ മോഷണം പോയി.ദിവസങ്ങൾക്ക മുൻപാണ് വയനാട്ടിൽ കടുവകളുടെ കണക്കെടുപ്പ് ആരംഭിച്ചത്. ക്യാമറകൾ മോഷണം പോയതോടെ കണക്കെടുപ്പിന് തടസം നേരിടുമെന്ന ആശങ്കയാണ് വനം വകുപ്പിന്.കടുവ സെൻസെസിന്റെ ഭാഗമായി പെരിയാർ ടൈഗർ റിസർവ്വിൽ നിന്നും എത്തിച്ചതാണ് മോഷണം പോയ ക്യാമറകൾ.
കടുവകളുടെ കണക്കെടുപ്പിന് വേണ്ടി ചിത്രങ്ങൾ പകർത്തുന്നതിനായി വയനാടിൽ സ്ഥാപിച്ച ഓട്ടോമാറ്റിക് ക്യാമറകളാണ് മോഷണം പോയത്.നോർത്ത് വയനാട് വനം ഡിവിഷനിൽ മാനന്തവാടി റെയിഞ്ചിന് കീഴിൽ വരുന്ന മക്കിയാട് വനമേഖലയിലെ കൊളിപ്പാട് സ്ഥാപിച്ച 55,00 രൂപ വിലയുള്ള രണ്ട് ക്യാമറകളാണ് മോഷണം പോയത്.
ക്യാമറ മോഷണം പോയതുമായി മാവോയിസ്റ്റുകൾക്ക് ബന്ധമുണ്ടാവുമെന്ന സാധ്യതയും വനം വകുപ്പ് തള്ളികളയുന്നില്ല. ഉൾക്കാട്ടിലായതിനാൽ വേട്ടക്കാരാവാൻ സാധ്യത അല്ലെന്നാണ് പ്രാഥമിക നിഗമനം.
ക്യാമറകൾ കാണാതായതുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് അർഹമായ പാരിതോഷികം നൽകുമെന്ന് വനം വകുപ്പ് അറിയിച്ചു. സംഭവത്തിൽ തൊണ്ടർനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു