തിരുവനന്തപുരം : റേഷൻ കാർഡ് ഇനി എടിഎം കാർഡ് രൂപത്തിലാക്കാൻ പോകുന്നു. എടിഎം കാർഡ് രൂപത്തിലുള്ള സ്മാർട്ട് റേഷൻ കാർഡുകളുടെ ആദ്യഘട്ട വിതരണം നവംബർ ഒന്നുമുതൽ ആരംഭിക്കും. സിവിൽ സപ്ലെസ് മന്ത്രി ജിആർ അനിൽ ആണ് ഇക്കാര്യം അറിയിച്ചത്.
25 രൂപയാണ് പരമ്പരാഗത റേഷൻ കാർഡിൽ നിന്ന് സ്മാർട്ട് കാർഡിലേക്ക് മാറാനുള്ള ഫീസ്. എന്നാൽ മുൻഗണന വിഭാഗത്തിന് ഈ സേവനം സൗജന്യമായിരിക്കും. കാർഡ് ഉടമയുടെ പേര്, ഫോട്ടോ, ബാർകോഡ് എന്നിവയാണ് ഈ റേഷൻ കാർഡിന്റെ മുൻവശത്ത് ഉണ്ടാകുക. പ്രതിമാസ വരുമാനം, റേഷൻ കട നമ്പർ, വീട് വൈദ്യുതികരിച്ചിട്ടുണ്ടോ, എൽപിജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങൾ പുറക് വശത്തും ഉണ്ടാകും.
താലൂക്ക് സപ്ലൈ ഓഫീസിലോ, സിവിൽ സപ്ലൈസ് പോർട്ടലിലോ ഉപയോക്താക്കൾക്ക് സ്മാർട്ട് റേഷൻ കാർഡിനായി അപേക്ഷിക്കാം. കാർഡിന് അംഗീകാരം ലഭിച്ചാൽ സിവിൽ സപ്ലൈസ് സൈറ്റിൽ നിന്നും പിഡിഎഫ് പ്രിന്റ് എടുത്തോ, സപ്ലൈ ഓഫീസിൽ നിന്നും സ്മാർട്ട് കാർഡ് നേരിട്ട് കൈപ്പറ്റിയോ ഉപയോഗിക്കാം. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാൻ സാധിക്കും എന്നതും ഈ കാർഡിന്റെ പ്രത്യേകതയാണ്.
സ്മാർട്ട് റേഷൻ കാർഡ് വരുന്നതോടെ റേഷൻ കടകളിലെ ഇ-പോസ് യന്ത്രങ്ങളിൽ ഇനി ക്യൂആർ കോഡ് സ്കാനറും ഉണ്ടാകും. കഴിഞ്ഞ സർക്കാർ കാലത്ത് പ്രഖ്യാപിച്ച പദ്ധതിയാണ് പുതിയ ചില പരിഷ്കാരങ്ങളോടെ നടപ്പിലാക്കുന്നത്.