തിരുവനന്തപുരത്ത് പിഴ അടയ്‌ക്കാത്തതിന് പിഞ്ചു കുഞ്ഞിനെ കാറിൽ തനിച്ചാക്കി പോലീസ്; താക്കോൽ ഊരിയെടുത്തു, നിലവിളിച്ച് മൂന്ന് വയസുകാരി, പരാതിയുമായി മാതാപിതാക്കൾ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പിഴ അടയ്‌ക്കാത്തതിന്റെ പേരിൽ മൂന്ന് വയസ്സുകാരിയായ മകളെ കാറിൽ തനിച്ചാക്കി പോലീസ് താക്കോൽ ഊരിയെടുത്തതായി പരാതി. അമിത വേഗതയുണ്ടെന്ന് ആരോപിച്ചാണ് ബാലരാമപുരത്ത് മൂന്ന് വയസ്സുകാരിയെ തനിച്ചാക്കി പോലീസ് ഉദ്യോഗസ്ഥൻ താക്കോൽ ഊരി ലോക്ക് ചെയ്തത്. കുഞ്ഞ് കരയുന്നത് കേട്ടിട്ടും പോലീസ് ഡോറുകൾ തുറക്കാൻ തയ്യാറായില്ലെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു.


 
കഴിഞ്ഞ ഫെബ്രുവരി 23നാണ് സംഭവം നടക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ഷിബു കുമാറും ഭാര്യ അഞ്ജനയും കുഞ്ഞും കാറിൽ പോകുന്ന സമയത്ത് ബാലരാമപുരത്ത് വെച്ച് പോലീസ് ഇവരെ തടയുകയായിരുന്നു. അമിത വേഗതയിലായിരുന്നു കാറെന്ന് ആരോപിച്ചാണ് പോലീസ് വാഹനം തടഞ്ഞത്. 1500 രൂപ പിഴ അടക്കണമെന്ന് ആവശ്യപ്പെട്ടതായും ഷിബു പരാതിയിൽ പറയുന്നു.

ആറ്റിങ്ങലിൽ പിങ്ക് പോലീസ് ഉദ്യോഗസ്ഥ അച്ഛനും മകൾക്കും എതിരെ മോഷണക്കുറ്റം ആരോപിച്ച് പരസ്യ വിചാരണ നടത്തിയ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെയാണ് പരാതിയുമായി മുന്നോട്ട് വരാൻ തീരുമാനിച്ചതെന്നും ഇവർ പറയുന്നു. ഗാനമേളയ്‌ക്ക് സംഗീത ഉപകരണങ്ങൾ വായിക്കുന്ന ആളാണ് ഷിബു. അഞ്ജന ഗായികയാണ്. ഒരു വർഷത്തിലേറെയായി പരിപാടികൾ ഒന്നും ലഭിച്ചിട്ടില്ലെന്നും അതിനാൽ ഇത്രയും തുക അടക്കാനാവില്ലെന്നും ഇവർ പോലീസിനോട് പറഞ്ഞു. എന്നാൽ പോലീസ് ഇളവ് നൽകാൻ തയ്യാറാകാത്തിനെ തുടർന്ന് ഒരു മണിക്കൂറിന് ശേഷം പിഴയടച്ച് മടങ്ങി.

അതിനിടെ അമിതവേഗതയിൽ പോകുന്ന മറ്റ് വാഹനങ്ങളെ എന്തുകൊണ്ട് തടയുന്നില്ലെന്ന് പോലീസിനോട് ചോദിച്ചപ്പോൾ ഷിബുകുമാറിനെ പോലീസ് മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട് കാറിൽ നിന്നും പുറത്തിറങ്ങിയ അഞ്ജന ദൃശ്യങ്ങൾ ഫോണിൽ ചിത്രീകരിക്കാൻ തുടങ്ങിയതോടെ പോലീസ് ദേഷ്യപ്പെട്ട് കാറിനടുത്തേയ്‌ക്ക് വരുകയും താക്കോൽ ഊരിയെടുത്ത് ഡോർ ലോക്ക് ചെയ്യുകയുമായിരുന്നു.

ഈ സമയത്ത് കുഞ്ഞ് കാറിനുള്ളിലിരുന്ന് കരയുന്നുണ്ടായിരുന്നുവെന്നും ഇത് ശ്രദ്ധയിൽപ്പെട്ടിട്ടും ഡോർ തുറക്കാൻ കൂട്ടാക്കിയില്ലെന്നും അഞ്ജന പറയുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസെടുത്ത് അകത്താക്കുമെന്നാണ് പോലീസ് പറയുന്നത്. കുട്ടി കരയുന്നത് കണ്ട് തങ്ങൾ അവിടെ നിന്നും പോലീസിനോട് മറ്റൊന്നും പറയാൻ നിൽക്കാതെ പോയെന്നും പിന്നീട് ഇത് വിവാദമാക്കെണ്ടെന്ന് കരുതി വിട്ടുകളഞ്ഞതാണെന്നും ഷിബു കൂട്ടിച്ചേർത്തു.
Tags