പോലീസിന് മുന്നിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം; ഭർത്താവിനെതിരെ കേസ്

കാസർകോഡ് : പോലീസിന് മുന്നിൽ വെച്ച് ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനെതിരെ കേസ്. കുമ്പള കൊട്ടേരിയിൽ വാടക വീട്ടിൽ താമസിക്കുന്ന റുക്‌സാനക്ക് എതിരെയാണ് ഭർത്താവിന്റെ ആക്രമണം നടന്നത്. റുക്‌സാനയുടെ പരാതിയിൽ ഹബീബിനെതിരെ പോലീസ് കേസെടുത്തു.


 
ഇന്നലെയായിരുന്നു സംഭവം. ഭർതൃപീഡനത്തിന് എതിരെയുള്ള റുക്‌സാനയുടെ പരാതി അന്വേഷിക്കാനെത്തിയ ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ചാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്താനായിരുന്നു ശ്രമം. പോലീസിന്റെ സമയോചിത ഇടപെടൽ യുവതിയുടെ ജീവൻ രക്ഷിച്ചു.

അമ്മയ്‌ക്ക് അസുഖമായതിനാൽ റുക്‌സാന കഴിഞ്ഞ ദിവസം പുത്തൂരിലെ സ്വന്തം വീട്ടിൽ എത്തിയിരുന്നു. ഇന്നലെ പുലർച്ചെയോടെ ഭർത്താവും വീട്ടിലെത്തി റുക്‌സാനയെ ഉപദ്രവിക്കാൻ ആരംഭിച്ചു. മർദ്ദനം സഹിക്കാനാവാതെ റുക്‌സാന പോലീസിനെ വിവരം അറിയിച്ചു. തുടർന്ന് പരാതി അന്വേഷിക്കാൻ പോലീസ് വീട്ടിലെത്തുകയായിരുന്നു.

യുവതിയെ വീട്ടിൽ നിർത്തിയാൽ ഭർത്താവ് ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ പോലീസ് റുക്‌സാനയെ സ്‌റ്റേഷനിലെത്തിക്കാൻ ഒരുങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. റുക്‌സാനയെ ജീപ്പിനടുത്തേക്ക് കൊണ്ടുപോകുന്നതിനിടെ മതിലിനരികിൽ പതുങ്ങിയിരുന്ന ഹബീബ് യുവതിയുടെ ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. പോലീസ് ഹബീബിനെ തള്ളിമാറ്റിയത് കാരണം അയാൾക്ക് തീ കൊളുത്താൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
Tags