കേരളത്തിന് വാക്‌സിൻ സഹായവുമായി കേന്ദ്ര സർക്കാർ; 9.55 ലക്ഷം ഡോസ് വാക്സിൻ കൂടി ഇന്ന് സംസ്ഥാനത്തെത്തിച്ചു

തിരുവനന്തപുരം: കേരളത്തിന് കൂടുതൽ വാക്‌സിൻ അനുവദിച്ച് കേന്ദ്ര സർക്കാർ. 9,55,290 ഡോസ് വാക്സിൻ കൂടി ഇന്ന് സംസ്ഥാനത്തെത്തി. തിരുവനന്തപുരത്ത് 2,71,000 ഡോസും എറണാകുളത്ത് 3,14,500 ഡോസും കോഴിക്കോട് 2,14,500 ഡോസും കൊവിഷീൽഡ് വാക്സിനാണ് ലഭ്യമായത്. ആരോഗ്യമന്ത്രി വീണ ജോർജ്ജാണ് ഇക്കാര്യം അറിയിച്ചത്.

കൊവാക്സിനും തിരുവനന്തപുരത്ത് ലഭിച്ചിട്ടുണ്ട്. ലഭ്യമായ വാക്സിൻ വിവിധ ജില്ലകളിലെത്തിച്ചു വരികയാണ്. വാക്സിൻ എത്തിയതിനാൽ വരും ദിവസങ്ങളിൽ വാക്സിനേഷൻ ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് ഇതുവരെ 72 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 73 ലക്ഷം വാക്‌സിൻ ഡോസുകളാണ് സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി നൽകിയത്. രാജ്യത്തെ വാക്‌സിനേഷൻ പ്രോഗ്രാം ശക്തമാക്കുമെന്നും നിതീ ആയോഗ് അംഗം വികെ പോൾ വ്യക്തമാക്കി.
Tags