പെരിയാറിന്റെ തീരത്തെ ചരിത്രമുറങ്ങുന്ന ആലുവ നഗരസഭയ്ക്ക് ഇന്ന് നൂറ് വയസ്. വികസനത്തിൽ കുതിപ്പിന്റെയും കിതപ്പിന്റെയും നൂറു വർഷങ്ങളാണ് കടന്ന് പോയത്.
1921 സെപ്റ്റംബർ 15നാണ് ആലുവ നഗരസഭയിൽ ആദ്യ ഭരണ സമിതി ചുമതലയേറ്റത്. ഖാൻ സാഹിബ് എം.കെ. ഖാദർ പിള്ളയുടെ നേതൃത്വത്തിലാണ് ആലുവ ആലുവ നഗരസഭയിലെ ആദ്യ ഭരണം സമിതി ചുമതലയേറ്റത്. എന്നാൽ ആദ്യ ജനകീയ കൗൺസിൽ നിലവിൽ വന്നത് 1925 ജനുവരിയിലാണ്. ആദ്യ നോമിനേറ്റഡ് ഭരണ ചർമം ഉൾപ്പെടെ 23 തവണകളിലായി 17 പേരാണ് നഗരസഭാ അധ്യക്ഷ സ്ഥാനത്തെത്തിയത്. രാഷ്ട്രീയ അടിസ്ഥാനത്തിലായപ്പോൾ കൂടുതൽ ഭരിച്ചത് കോൺഗ്രസാണ്. സംസ്ഥാനത്ത് കോൺഗ്രസ് തനിച്ച് മത്സരിച്ച് അധികാരത്തിലേറിയ നഗരസഭയും ആലുവ തന്നെ.
ആലുവ ഇന്ന് തീർത്തും ഒരു റസിഡൻഷ്യൽ ഏരിയ ആയി മാറിയിരിക്കുന്നു. സ്വച്ഛ സുന്ദരമായ ഒരു ജീവിതം നയിക്കാൻ ആലുവയെ പോലെ മാറ്റര് പ്രദേശമില്ല. എന്നാൽ ഇനിയും കൂടുതൽ മുന്നോട്ട് പോകേണ്ടതുണ്ട്. ഞങ്ങൾക്ക് ഒരുപാട് സ്വപ്നങ്ങളുണ്ട്. അതെല്ലാം പകൽ സ്വപ്നങ്ങളാണ്. ആ സ്വപ്നങ്ങളെ പ്രവർത്തികമാക്കാനാണ് ഞങ്ങളുടെ ശ്രമം, നഗരസഭാ ചെയർമാൻ എം.ഒ. ജോൺ പറഞ്ഞു.
നിലവിലെ നഗരസഭാ ചെയർമാൻ കോൺഗ്രസിന്റെ എം.ഒ. ജോണാണ്. രണ്ട് തവണ മാത്രമായിരുന്നു ഇടതുപക്ഷത്തിന് ഭരണം ലഭിച്ചിരുന്നത്. 1984 മുതൽ നാല് വര്ഷം ഫോർട്ട് കൊച്ചി ആർ.ഡി.ഒ.മാരായിരുന്ന കെ.ഡി. വത്സല കുമാരിയും താരാ ഷറഫുദീനും നഗരസഭാ അധ്യക്ഷയുടെ ചുമതല വഹിച്ചിട്ടുണ്ട്. നൂറു വര്ഷം പൂർത്തിയാക്കുമ്പോളും സംസ്ഥാനത്തെ ഏറ്റവും ചെറിയ നഗരസഭയാണ് ആലുവ. 26 ഡിവിഷനുകളാണ് നിലവിലുള്ളത്. കാലഘട്ടത്തിന് അനുസൃതമായി നഗരസഭാ പരിധി കൂട്ടാതിരുന്നതാണ് ഇതിന് കാരണം. വിവിധ സമയങ്ങളിൽ പല തരത്തിലുള്ള വികസന പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും മറ്റ് നഗരങ്ങളെ അപേക്ഷിച്ച് കാര്യമായ വളർച്ച ഉണ്ടാക്കാൻ ആലുവ നഗരത്തിന് ആയിട്ടില്ല എന്നത് യാഥാർഥ്യമാണ്.