കോയമ്പത്തൂർ: കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളെ പത്ത് ദിവസം നിർബന്ധിത ക്വാറന്റൈനിൽ താമസിപ്പിക്കാൻ ഉത്തരവ്. കോയമ്പത്തൂർ കോർപ്പറേഷനാണ് ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ പരിധിയിലുള്ള കോളേജുകൾക്ക് നോട്ടീസ് നൽകി. കേരളത്തിൽ കൊറോണ വ്യാപനം ഉച്ചസ്ഥായിൽ നിൽക്കുന്ന പശ്ചാത്തലത്തിലാണ് മലയാളി വിദ്യാർത്ഥികൾക്ക് കടുത്ത് നിയന്ത്രണം ഏർപ്പെടുത്തിയത്.
നേരത്തെ ശരവണപ്പട്ടിയിലെ നഴ്‌സിങ്ങ് വിദ്യാർത്ഥികൾക്ക് വ്യാപകമായി കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതും നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന് കാരണമായി.അതേസമയം രണ്ട് ഡോസ് വാക്‌സിൻ എടുത്ത വിദ്യാർത്ഥികൾക്കും നിർബന്ധിത ക്വാറന്റൈൻ ബാധകമാണെന്ന് ഉത്തരവിൽ പറയുന്നു.
രാജ്യത്ത് കഴിഞ്ഞ ഏതാനും ആഴ്ചകളായി ഏറ്റവുമധികം കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ് ഇന്നലെ രാജ്യത്ത് സ്ഥിരീകരിച്ച 27,176 കേസുകളിൽ 15000ലധികവും കേരളത്തിലായിരുന്നു റിപ്പോർട്ട് ചെയ്തത്. ഇതേ തുടർന്നാണ് മലയാളി വിദ്യാർത്ഥികൾക്ക് കൂടുതൽനിയന്ത്രണങ്ങൾ ഏർപ്പടുത്താൻ കോയമ്പത്തൂർ കോർപ്പറേഷൻ തീരുമാനിച്ചത്.