ബെംഗളൂരു: കേരളത്തിൽ നിന്ന് കൊറോണ നെഗറ്റീവ് സർട്ടിഫികറ്റുകളുമായി കർണാടകത്തിലെത്തിയ 65 വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. കർണാടകയിലെ കോലാർ കെജിഎഫ് കോളേജ് ഓഫ് ഡെന്റൽ സയൻസസ് ആന്റ് ഹോസ്പിറ്റലിലെ വിദ്യാർത്ഥികൾക്കാണ് രോഗബാധ. കർണാടക ആരോഗ്യ മന്ത്രി ഡോ. കെ സുധാകറാണ് ഇക്കാര്യം അറിയിച്ചത്.
‘കെജിഎഫ് നഴ്‌സിംഗ് കോളേജിലെ 65 ഓളം വിദ്യാർത്ഥികൾക്ക് കൊറോണ സ്ഥിരീകരിച്ചു. എല്ലാവരും കേരളത്തിൽ നിന്ന് മടങ്ങിയെത്തിയവരാണ്. കോളേജ് സന്ദർശിച്ച് അധികൃതർക്കെതിരെ വേണ്ട നടപടികൾ സ്വീകരിക്കും’ എന്ന് മന്ത്രി പറഞ്ഞു.
കൊറോണ നിരക്ക് കൂടിയതിനെ തുടർന്ന് കേരളത്തിൽനിന്ന് എത്തുന്ന വിദ്യാർഥികൾക്കും തൊഴിലാളികൾക്കും ഏഴു ദിവസത്തെ ക്വാറന്റീൻ കർണാടക സർക്കാർ നിർബന്ധമാക്കിയിരുന്നു. രണ്ട് ഡോസ് വാക്സിൻ സർട്ടിഫിക്കറ്റും, കൊറോണ നെഗറ്റീവ് സർട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ലെന്നും കർണാടക വ്യക്തമാക്കിയിരുന്നു.
ഓഗസ്റ്റ് 18 ന് കേരളത്തിൽ നിന്ന് 146 വിദ്യാർത്ഥികൾ കെജിഎഫ് കോളേജിലേക്ക് വന്നിരുന്നു. കൊറോണ നെഗറ്റീസ് സർട്ടിഫിക്കറ്റുകൾ ഉണ്ടായിരുന്നെങ്കിലും നിലവിലെ നിയമപ്രകാരം ഇവർ ക്വാറന്റൈനിലായിരുന്നു . എന്നാൽ ഇതിനിടെ വിദ്യാർത്ഥികളിൽ രോഗലക്ഷണങ്ങൾ ഉണ്ടാകുകയായിരുന്നു .
നിലവിൽ ആരോഗ്യ പ്രവർത്തകർ കോളേജിനെ കണ്ടെയ്ൻമെന്റ് സോണാക്കി മാറ്റി. ക്യാമ്പസിൽ ഇരുനൂറോളം പേർ ക്വാറന്റൈനിലാണെന്നും 65 പേർ കൊറോണ കെയർ സെന്ററുകളിലാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
പ്രതിദിനം 50,000 കൊറോണ കേസുകളാണ് സംസ്ഥാനത്ത് സ്ഥിരീകരിച്ചിരുന്നത്. എന്നാൽ നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. പ്രതിദിനം 700-800 കേസുകളായി പകർച്ചവ്യാധി ലഘൂകരിക്കാൻ സർക്കാർ കഠിനമായി പരിശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കണക്കനുസരിച്ച്, കർണാടകയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,217 പുതിയ കൊറോണ കേസുകളും, 25 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് നിലവിൽ 18,386 സജീവ കേസുകൾ മാത്രമാണുള്ളത്.