ബംഗളൂരു: 12 തീവ്രവാദികള്‍ ശ്രീലങ്കയില്‍ നിന്ന് ആലപ്പുഴയില്‍ എത്തിയതായുള്ള കര്‍ണാടക ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കര്‍ണാടകയില്‍ അതീവജാഗ്രത നിര്‍ദേശം നല്‍കി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. രണ്ട് ബോട്ടുകളിലായി 12 തീവ്രവാദികള്‍ ആലപ്പുഴയില്‍ എത്തിയെന്നും കര്‍ണാടക തീരത്തേക്ക് ഇവര്‍ എത്താനുള്ള സാധ്യതയുമാണ് കര്‍ണാടക ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. ഇതേത്തുടര്‍ന്ന് അതിര്‍ത്തികളിലെ തീരദേശത്തും സമീപത്തെ വന മേഖലയിലും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കണമെന്ന നിര്‍ദ്ദേശവും മുഖ്യമന്ത്രി നല്‍കി.
എനിക്ക് ചില വിഷയങ്ങള്‍ പരസ്യമായി ചര്‍ച്ച ചെയ്യാന്‍ കഴിയില്ല, പക്ഷേ എന്‍ഐഎയോടൊപ്പം തീരദേശത്തും സമീപ വനമേഖലയിലും നടക്കുന്ന ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ കര്‍ണ്ണാടക പോലീസ് കര്‍ശന ജാഗ്രത പുലര്‍ത്തുന്നുണ്ട്. അതിനാല്‍ സര്‍ക്കാര്‍ അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്, ''മുഖ്യമന്ത്രി പറഞ്ഞു.
കേരള, കര്‍ണാടക, തീരദേശ അതിര്‍ത്തികളില്‍ അതീവ ജാഗ്രത പാലിക്കണമെന്നായിരുന്നു ഇന്റലിജന്‍സിന്റെ മുന്നറിയിപ്പ്. ദക്ഷിണ കന്നഡ, ഉടുപ്പി എന്നിവിടങ്ങളിലെ തീരദേശങ്ങളും ജാഗ്രത പാലിക്കണം. കടലില്‍ മീന്‍ പിടിക്കാന്‍ പോകുന്ന തൊഴിലാളികളോട് സംശയാസ്പദമായി എന്തെങ്കിലും കണ്ടാല്‍ അടുത്തുള്ള ബന്ധപ്പെട്ടവരെ വിവരം അറിയിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. മംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ പടിഞ്ഞാറന്‍ തീരങ്ങള്‍ക്കും ജാഗ്രതാ മുന്നറിയിപ്പ് നല്‍കിയിരുന്നു.