കെ ടി ജലീലിന് സി പി ഐ എമ്മിന്റെ പിന്തുണ ലഭിക്കുന്നില്ല എന്നത് മാധ്യമ പ്രചരണം മാത്രമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ലീഗിന്റെ രാഷ്ട്രീയ നിലപാടുകളെ എന്നും എതിർക്കുന്ന പാർട്ടിയാണ് സി പി ഐ എം. സ്ത്രീ വിരുദ്ധതയാണ് മുസ്ലിം ലീഗിന്റെ മുഖമുദ്ര. ആലങ്കാരികമായി സ്ത്രീകൾക്ക് പദവി നൽകുകയെന്നതാണ് ലീഗിന്റെ സമീപനമെന്നും എ വിജയരാഘവൻ വ്യക്തമാക്കി.
ഇതിനിടെ എ ആർ നഗർ ബാങ്ക് ക്രമക്കേടിൽ ഇ ഡി അന്വേഷണം ആവശ്യപ്പെട്ടതിന് പിന്നാലെ കെ ടി ജലീലിനെ മുഖ്യമന്ത്രി വിളിപ്പിച്ചു. മുഖ്യമന്ത്രിയുടെ ഓഫിസിലായിരുന്നു കൂടിക്കാഴ്ച. പ്രസ്താവന നടത്തുമ്പോൾ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജലീലിനോട് പറഞ്ഞു.
അതേസമയം ജലീലിന്റെ ഇ ഡി അനുകൂല നിലപാടിൽ സി പി ഐ എമ്മിനുള്ളത് കടുത്ത അതൃപ്തിയാണ്. ജലീൽ ഏറ്റെടുത്ത് ഉന്നയിച്ചത് എ ആർ നഗർ ബാങ്കിലെ സഹകരണ വകുപ്പിന്റെ ആഭ്യന്തര പരിശോധന റിപ്പോർട്ട് ആണ്. പക്ഷെ എല്ലാം കുഞ്ഞാലിക്കുട്ടിയുമായുള്ള പോരെന്ന നിലയ്ക്ക് കണ്ട് അവഗണിക്കുകയാണ് സി പി ഐ എം. കേന്ദ്ര ഏജൻസികൾക്കെതിരെ പാർട്ടി സമരമുഖം തുറക്കുമ്പോഴുള്ള ജലീലിന്റെ നീക്കങ്ങൾ ശരിയായില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.