പുത്തൂർ: തൃശൂർ ജില്ലയിലെ പുത്തൂരിൽ മിന്നൽ ചുഴലിക്കാറ്റ്. പുത്തൂർ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും, സുവോളജിക്കൽ പാർക്കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളിൽ വീശിയ മിന്നൽ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളിൽ നാശനഷ്ടമുണ്ടാക്കി. മൂന്നു മിനിറ്റ് വീതമാണ് കാറ്റ് വീശിയത്.
വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബർ മരങ്ങൾ ഒടിഞ്ഞു വീണു. കുലച്ച 3,000 നേന്ത്രവാഴകൾ നശിച്ചു. മൂന്ന് വീടുകൾ പൂർണമായും തകർന്നു. 27 വീടുകൾക്ക് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. ആളപായമില്ല.
ശക്തമായ മഴയ്‌ക്ക് ശേഷം വലിയ ശബ്ദത്തോടെ മരങ്ങൾ നിലംപതിക്കുകയായിരുന്നു. പ്രദേശത്തെ മുഴുവൻ ഇരുട്ടിലാക്കി വൈദ്യുതിത്തൂണുകൾ ഒടിഞ്ഞു വീണു. ഗതാഗത തടസം ഉണ്ടാക്കി മരങ്ങൾ റോഡിലേയ്‌ക്ക് വീണു. പ്രദേശവായികൾ ചേർന്ന് റോഡിലേയ്‌ക്ക് വീണ മരങ്ങൾ മുറിച്ചുമാറ്റി.
മഴക്കാലത്ത് ഉയർന്നു പൊങ്ങുന്ന ഇടിമിന്നൽ മേഘങ്ങൾ, അന്തരീക്ഷത്തിലുണ്ടാക്കുന്ന മർദം താഴേ എത്തുമ്പോളാണ് മിന്നൽച്ചുഴലിക്കാറ്റ് വീശുകമെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞനായ ഡോ ഗോപകുമാർ ചോലയിൽ പറഞ്ഞു.
സ്ഥിതിഗതികൾ വിലയിരുത്താൻ റവന്യൂമന്ത്രി കെ രാജൻ അടിയന്തര ഓൺലൈൻ യോഗം വിളിച്ചു.