കൊറോണ: രാജ്യത്ത് 43,263 പുതിയ രോഗികൾ, 30,196 പേരും കേരളത്തിൽ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 43,263 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 3,31,39,981 ആയി. പ്രതിദിന രോഗികളിൽ കൂടുതലും കേരളത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തിൽ 30,196 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ടിപിആർ 17 ശതമാനത്തിന് മുകളിലാണ്.


 
രാജ്യത്തിന് ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും തുടർച്ചയായ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. 40,567 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ഭേദമായത്. 3,23,04,618 പേർ ഇതുവരെ രോഗമുക്തി നേടി. 3,93,614 പേരാണ് വിവിധ ഇടങ്ങളിൽ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്.

രാജ്യത്ത് വാക്‌സിനേഷൻ 71 കോടി പിന്നിട്ടിരിക്കുകയാണ്. ഇതുവരെ രാജ്യത്ത് 71,65,97,428 പേർ വാക്‌സിനേഷന്റെ ഭാഗമായിട്ടുണ്ടെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ 86,51,701 പേരാണ് വാക്‌സിൻ സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം കൊറോണയെ തുടർന്ന് 338 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ ആകെ കൊറോണ മരണം 4,41,749 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 18,17,639 സാമ്പിളുകളാണ് രാജ്യത്ത് വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിച്ചത്. ഇതോടെ രാജ്യത്ത് ആകെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 53,68,17,243 ആയി ഉയർന്നു.
Tags