സർക്കാർ വീണ്ടും ഹെലികോപ്ടർ വാടകയ്ക്ക് എടുത്തേക്കും. പുതിയ ഹെലികോപ്ടർ ആവശ്യപ്പെട്ട് ഡി.ജി.പി സർക്കാരിന് കത്ത് നൽകി. ഹെലികോപ്ടറിനായി സ്വകാര്യ ഏജൻസികളിൽ നിന്നടക്കം ടെണ്ടർ ക്ഷണിക്കാനുള്ള നടപടികൾ സർക്കാർ ആരംഭച്ചിട്ടുണ്ട്.
മാവോയിസ്റ്റ് ഭീഷണി അടക്കമുള്ള വിഷയങ്ങൾ നേരിടാനും, രക്ഷാ പ്രവർത്തനവുമൊക്കെ ചൂണ്ടിക്കാട്ടിയാണ് ഒരു വർഷം മുൻപ് പൊലീസിനായി സർക്കാർ ഹെലികോടപ്ടർ വാടകയ്ക്കെടുത്തത്. പൊലീസിന്റെ ഫണ്ടിൽ നിന്ന് പണം നൽകുമെന്നതായിരുന്നു ആദ്യ വാദം. എന്നാൽ ടെൻഡറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തി പവൻഹാൻസില് ഹെലികോപ്ടർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. പിന്നീട് ഇവർ ഈടാക്കുന്ന വാടക തുകയും ചർച്ചയായിരുന്നു.
2020 ഏപ്രിൽ മുതൽ ഈ വർഷം ഏപ്രിൽ വരെയായിരുന്നു പവൻഹാൻസുമായുള്ള കരാർ. കരാർ അവസാനിച്ച പശ്ചാത്തലത്തിലാണ് ഹെലികോപ്ടറിനായി സ്വകാര്യ ഏജൻസികളിൽ നിന്ന് ടെണ്ടർ സ്വീകരിക്കാനുള്ള നടപടികളിലേക്ക് കടക്കുന്നത്. പുതിയ ടെണ്ടറിൽ വാടക കുറയുമെന്നാണ് പൊലീസ് വിശദീകരണം.
കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയാണ് സർക്കാർ നീക്കം. ആറായിരം കോടി രൂപ കഴിഞ്ഞ മാസം കടമെടുത്തുവെന്ന് ധനമന്ത്രി തന്നെ അറിയിച്ചിരുന്നു. ഈ പശ്ചാത്തലത്തിലെ സർക്കാർ നീക്കം വീണ്ടും വിവാദമായിരിക്കുകയാണ്.