സുരേഷ് ഗോപി പാലാ ബിഷപ്പ് ഹൗസിൽ

സുരേഷ് ഗോപി ( suresh gopi ) പാലാ ബിഷപ്പ് ഹൗസിൽ ( pala bishop house ). ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി കൂടുക്കാഴ്ച നടത്തും. ബിഷപ്പ് ആവശ്യപ്പെട്ടാൽ വിഷയത്തിൽ ഇടപെടുമെന്നും ബിഷപ്പിനെ സന്ദർശിക്കുമെന്നും സുരേഷ് ​ഗോപി ഇന്നലെ വ്യക്തമാക്കിയിരുന്നു. ബിജെപി നേതാക്കളെല്ലാം ബിഷപ്പിന് പിന്തുണയർപ്പിച്ച് രം​ഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സുരേഷ് ​ഗോപിയുടെ ഇടപെടലും.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിലെ നാർക്കോട്ടിക് ജിഹാദ് എന്ന പരാമർശം വൻ വിവാദങ്ങൾക്കാണ് വഴിവച്ചത്. ഈ പശ്ചാത്തലത്തിലാണ് സുരേഷ് ​ഗോപി എംപി ബിഷപ്പുമായി കൂടിക്കാഴ്ച നടത്തുന്നത്. നാർകോട്ടിക്, ലവ് ജിഹാദുകൾക്ക് കത്തോലിക്ക പെൺകുട്ടികളെ ഇര ആക്കുന്നു എന്ന് പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ വചന സന്ദേശത്തിൽ പറഞ്ഞു. ഈ ജിഹാദിന് സഹായം നൽകുന്ന ഒരു വിഭാഗം കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ആയുധം ഉപയോഗിക്കാനാവാത്ത സ്ഥലങ്ങളിൽ ഇത്തരം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നുവെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.

ബിഷപ്പിന്റെ വാക്കുകൾ –‘ മുസ്ലീംങ്ങൾ അല്ലാത്തവർ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികൾ ഐഎസ് ക്യാമ്പിൽ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാൽ ഇക്കാര്യങ്ങൾ മനസിലാകും. കത്തോലിക്ക യുവാക്കളിൽ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാൻ പ്രത്യേകം ശ്രമങ്ങൾ നടക്കുന്നുണ്ട് ‘.

ലവ് ജിഹാദില്ലെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത് കണ്ണടച്ച് ഇരുട്ടാക്കുന്നതിന് തുല്യമാണെന്നും ഇത്തരക്കാർക്ക് നിഷിപ്ത താത്പര്യം ഉണ്ടെന്നും പാലാ ബിഷപ്പ് പറയുന്നു. മുസ്ലീം ആശയങ്ങൾ അടിച്ചേൽപ്പിക്കാൻ പല തരത്തിൽ ശ്രമം നടത്തുന്നുണ്ടെന്നും ഹലാൽ വിവാദം ഇതിൻ്റെ ഭാഗമാണെന്നും അ​ദ്ദേഹം പറഞ്ഞു. കത്തോലിക്ക കുടുംബങ്ങൾ കരുതിയിരിക്കണമെന്നും ബിഷപ്പ് മുന്നറിയിപ്പ് നൽകി.

ഇതിന് പിന്നാലെ ബിഷപ്പിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രം​ഗത്തെത്തി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന്റെ നർകോട്ടിക് ജിഹാദ് വിവാദ പരാമർശം ഏറ്റെടുത്ത് നായർ സർവീസ് സൊസൈറ്റി രം​ഗത്തുവന്നു. പ്രലോഭനങ്ങളിലൂടെ കേരളത്തിൽ വ്യാപകമായി മതപരിവർത്തനം നടക്കുന്നുവെന്ന് എൻ.എസ്.എസ്. സ്നേഹമെന്ന വജ്രായുധം കാട്ടി പെൺകുട്ടികളെ മതം മാറ്റുന്നു. പെൺകുട്ടികളെ നിർബന്ധിത മതപരിവർത്തനം നടത്തുന്നത് ആശങ്കാജനകമെന്ന് എൻ.എസ്.എസ്. ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം അനവസരത്തിലെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ അഭിപ്രായപ്പെട്ടു. മതനേതാക്കൾ ഇതര സമുദായങ്ങൾക്കുമേൽ കടന്നു കയറിയാൽ മതേതര കേരളം അത് അനുവദിക്കില്ല. പരസ്പരം സ്പർധയുണ്ടാക്കുന്ന നിലപാടുകളെ ഒന്നിച്ചെതിർക്കണമെന്നും പാലാ ബിഷപ്പ് തിരുത്തലിന് തയാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അഹമ്മദ് ദേവർകോവിൽ ട്വന്റി ഫോറിനോട് പറഞ്ഞു.
Tags