തിരുവനന്തപുരം: സംസ്ഥാനസർക്കാരിനെതിരെ ഗുരുതര ആരോപണവുമായി വിദ്യാർത്ഥിനി രംഗത്ത് .പിന്നോക്ക് വികസന വകുപ്പ് നൽകുന്ന ഒ.ബി.സി ഓവർസീസ് സ്‌കോളർഷിപ്പിൽ ഗുരുതര ക്രമക്കേട് നടന്നയാതാണ് ആരോപണം. യുകെയിലെ സസെക്‌സ് സർവ്വകലാശാലയിലെ എംഎ സോഷ്യൽ ആന്ത്രോപോളജി വിഭാഗം വിദ്യാർത്ഥിനി ഹഫീഷ ടി ബി യാണ് ആരോപണം ഉന്നയിച്ചത്.
സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് വിദ്യാർത്ഥിനി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചല്ല സ്‌കോളർഷിപ്പ് വിതരണം നടന്നതെന്ന് വിദ്യാർത്ഥിനി ആരോപിച്ചു. മാർക്കും അക്കാദമിക് ഹിസ്റ്ററിയും പരിഗണിക്കാതെ കുടിയേറ്റം ലക്ഷ്യം വെച്ച് പഠിക്കാനെത്തിയ വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് നൽകിയതെന്ന് വിദ്യാർത്ഥിനി കൂട്ടിച്ചേർത്തു.
സ്‌കോളർഷിപ്പ് മെറിറ്റ് മാനദണ്ഡത്തെ കുറിച്ചറിയാൻ സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ മറുപടി ലഭിച്ചത് രണ്ട് മാസത്തിന് ശേഷമാണെന്ന് വിദ്യാർത്ഥിനി വീഡിയോയിലൂടെ വെളിപ്പെടുത്തി.പാർട്ട് ടൈം ആയി കെയർ ടേക്കർ ജോലി ചെയ്താണ് വിദേശത്ത് കഴിയുന്നതെന്ന് വിദ്യാർത്ഥിനി പറഞ്ഞു.ആധാരം പണയം വെച്ചാണ് വിദേശത്ത് പഠിക്കാൻ എത്തിയത്. ആത്മഹത്യയുടെ വക്കിലാണ് താനെന്നും വിദ്യാർത്ഥിനി വ്യക്തമാക്കി.
എന്നാൽ അതേസമയം വിദ്യാർത്ഥിനി ഉയർത്തിയ ഗുരുതര ആരോപണത്തിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് ഇതു വരെ യാതൊരു പ്രതികരണവും വരാത്തത് ആളുകൾക്കിടയിൽ കടുത്ത രോക്ഷത്തിന് കാരണമാകുന്നുണ്ട്.