ലക്‌നൗ : കുറ്റവാളികളോട് വിട്ടുവീഴ്ചയില്ലാതെ യുപി പോലീസ്. കൊടും കുറ്റവാളിയെ ഏറ്റുമുട്ടലിൽ വധിച്ചു. തലയ്‌ക്ക് 75,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന മുകേഷ് താക്കൂറിനെ (44) ആണ് വധിച്ചത്.
ചൊവ്വാഴ്ച തെളിവെടുപ്പിനായി മുകേഷിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു സംഭവം. അകമ്പടിപോയ പോലീസ് ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിപ്പറിച്ച് കടന്ന് കളയാൻ ശ്രമിക്കുകയായിരുന്നു. ഇതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
രാജസ്ഥാനിലെ ബസേരി സ്വദേശിയാണ് മുകേഷ്. 40 ഓളം ക്രിമിനൽ കേസുകളാണ് ഇയാൾക്കെതിരെ വിവിധ പോലീസ് സ്‌റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, പിടിച്ചുപറി തുടങ്ങിയ കേസുകളിലെ പ്രതിയാണ് മുകേഷ്.
ഈ വർഷം ജനുവരിയിൽ ഇയാൾ ആഗ്രയിലെ പെട്രോൾ പമ്പിൽ വൻ മോഷണം നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഒരാളെ കൊലപ്പെടുത്താനായി വീട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചിരിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇത് കണ്ടെടുക്കാനാണ് തെളിവെടുപ്പിനായി വീട്ടിലേക്ക് കൊണ്ടു പോയത്.