കണ്ണൂർ : പയ്യന്നൂരിൽ ഭർതൃഗൃഹത്തിൽ യുവതി ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനത്തിൽ മനംനൊന്ത്. ഇതുമായി ബന്ധപ്പെട്ട ശബ്ദരേഖ പുറത്തു വന്നു. പയ്യന്നൂർ കോറോം സ്വദേശിനി സുനിഷ (26) ആണ് ആത്മഹത്യ ചെയ്തത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം. വൈകീട്ടോടെ ഭർത്താവ് വിജീഷിന്റെ വീട്ടിൽ സുനിഷയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ ഭർതൃഗൃഹത്തിലെ പീഡനമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് സുനിഷയുടെ കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു.
ഒന്നര വർഷം മുൻപായിരുന്നു സുനിഷയുടേയും വിജീഷിന്റെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ഇതിന് ശേഷം മാതാപിതാക്കൾ സുനിഷയുമായി അകൽച്ചയിലായിരുന്നു. വിവാഹ ശേഷം വിജീഷും കുടുംബാംഗങ്ങളും സുനിഷയെ പീഡിപ്പിച്ചിരുന്നു. പീഡനം അസഹനീയമായതോടെ സുനിഷ അമ്മയുടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് ബന്ധുക്കൾ നിരവധി തവണ ശ്രമിച്ചെങ്കിലും സുനിഷയെ കാണിക്കാൻ ഭർതൃവീട്ടുകാർ തയ്യാറായിരുന്നില്ല. പിന്നീട് വിജീഷിന്റെ വീട്ടുകാർക്കെതിരെ സുനിഷയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകി. എന്നാൽ പോലീസ് നടപടി സ്വീകരിക്കാതെ ഇരു വീട്ടുകാരെയും വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സുനിഷ ആത്മഹത്യ ചെയ്തത്.
അതേസമയം കൊടിയ പീഡനമാണ് സുനിഷയ്‌ക്ക് നേരിടേണ്ടിവന്നതെന്നാണ് പുറത്തുവന്ന ശബ്ദരേഖയിൽ നിന്നും വ്യക്തമാകുന്നത്.