സൗദി വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം; 8 പേർക്ക് പരുക്ക്

സൗദി അറേബ്യയിലെ ആഭ വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണം. 8 പേർക്ക് പരുക്കേറ്റു. ആക്രമണത്തിൽ ഒരു വിമാനം തകർന്നിട്ടുണ്ട്. യമനിൽ നിന്ന് സൗദിയുമായി കലാപത്തിൽ ഏർപ്പെട്ടിരിക്കുന്ന ഹൂത്തി വിമതരാണ് ആക്രമണത്തിനു പിന്നിലെന്നാണ് റിപ്പോർട്ട്. വിമാനത്താവളം ലക്ഷ്യമാക്കി വന്ന മറ്റൊരു ഡ്രോൺ സൗദി വെടിവെച്ച് വീഴ്ത്തി. ആക്രമണത്തെ തുടർന്ന് വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. (Drone Attack Saudi Airport)

അതേസമയം, ഇസ്ലാമിക് സ്റ്റേറ്റ്സ് എന്ന് കരുതി അമേരിക്ക കാബൂളിലേക്ക് നടത്തിയ റോക്കറ്റാക്രമണത്തിൽ 10 അഫ്ഗാനികൾ കൊല്ലപ്പെട്ടു. 6 കുട്ടികൾ ഉൾപ്പെടെ ഒരു കുടുംബത്തിലെ 10 അംഗങ്ങളാണ് കൊല്ലപ്പെട്ടത്. കാബൂൾ വിമാനത്താവളത്തിനരികെ ഇസ്ലാമിക് സ്റ്റേറ്റ്സ് ഭീകരർ കാർ ബോംബ് സ്ഫോടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. സ്ഫോടക വസ്തുക്കൾ നിറച്ച ഒരു വാഹനം തങ്ങൾ തകർത്തു എന്ന് അമേരിക്ക അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, അമേരിക്ക തകർത്തത് ഐഎസ് ഭീകരരുടെ വാഹനമല്ലെന്നും ഒരു കുടുംബത്തിലെ 10 അംഗങ്ങളെയാണെന്നും ഇന്നലെ വ്യക്തമായി.

“റോക്കറ്റ് വന്ന് കാറിൽ പതിച്ചു. അതിൽ മുഴുവൻ കുട്ടികളായിരുന്നു. അത് അവരെ മൊത്തം കൊന്നുകളഞ്ഞു. എൻ്റെ സഹോദരനും അദ്ദേഹത്തിൻ്റെ നാല് മക്കളും കൊല്ലപ്പെട്ടു. എൻ്റെ സ്വന്തം മകളെ എനിക്ക് നഷ്ടമായി. ആകെ 10 പേരെ റോക്കറ്റ് കൊന്നുകളഞ്ഞു.”- കുടുംബാംഗം അയ്മൽ അഹ്മദി പറഞ്ഞു. ആക്രമണത്തിൽ നാട്ടുകാർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന കാര്യം തങ്ങൾ അറിഞ്ഞു എന്ന് യുഎസ് സൈന്യത്തിൻ്റെ വക്താവ് ക്യാപ്റ്റൻ ബിൽ അർബൻ വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ച കാബൂൾ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നൂറ് കടന്നിരുന്നു. മരിച്ചവരിൽ 97 അഫ്ഗാനിസ്താൻ സ്വദേശികളും 19 അമേരിക്കൻ പട്ടാളക്കാരും ഉൾപ്പെടുന്നു. ഇരുന്നൂറോളം പേർക്കാണ് സ്‌ഫോടനത്തിൽ പരുക്കേറ്റത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു. നേരത്തെ താലിബാനും രഹസ്യാന്വേഷണ ഏജൻസികളും അക്രമണത്തിന് പിന്നിൽ ഐഎസ് ആണെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ, ആക്രമിച്ചവർക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചിരുന്നു.
Tags