മുതിര്‍ന്ന സിപിഎം നേതാവ് പി.കെ.ശശി കേരള ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ചെയർമാൻ

ഷൊർണൂർ മുൻ എംഎൽഎ പി കെ ശശിയെ കേരള ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാനായി നിയമിച്ചു. കോർപറേഷൻ ബോര്‍ഡംഗമായും ചെയർമാനായും നിയമിച്ചുകൊണ്ട് അഡീഷണൽ ചീഫ് സെക്രട്ടറി വി വേണുവാണ് ഉത്തരവിറക്കിയത്.

പീഡന പരാതിയെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിൽ പി കെ ശശിക്ക് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. അന്ന് ജില്ലാ സെക്രട്ടറിയേറ്റ് സമർപ്പിച്ച പട്ടികയിൽ പി കെ ശശിയെയും ഉൾപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സമിതിയിൽ നിന്ന് ശശിയോട് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു.

ഡി വൈ എഫ് ഐ വനിതാ നേതാവിന്റെ പരാതിയെ തുടർന്ന് ഉണ്ടായ വിവാദങ്ങളെ തുടർന്ന് നേരത്തെ പി കെ ശശിയെ പാർട്ടി സസ്പെന്റ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി പിൻവലിച്ചശേഷം അധികം വൈകാതെ അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെടുത്തിരുന്നു.
Tags