പഞ്ചാബിൽ കോൺഗ്രസിൽ തമ്മിലടി രൂക്ഷം; അമരീന്ദറിനെതിരെ ട്വിറ്ററിൽ തുറന്ന പോരുമായി സിദ്ധു
August 24, 2021
ന്യൂഡൽഹി: പഞ്ചാബിൽ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ നവ്‌ജ്യോദ് സിംഗ് സിദ്ധുവും തമ്മിലുളള അഭിപ്രായഭിന്നത കോൺഗ്രസ് നേതൃത്വത്തിന് തലവേദനയാകുന്നു. പഞ്ചാബിൽ അമരീന്ദർ സിങ് സർക്കാർ കരിമ്പ് കർഷകർക്കുളള താങ്ങുവില വില പ്രഖ്യാപിച്ചതിനു പിന്നാലെ വന്ന സിദ്ധുവിന്റെ വിമർശിച്ചുളള ട്വീറ്റാണ് പുതിയ തർക്കത്തിന് കാരണമായിരിക്കുന്നത്.
കരിമ്പ് കർഷകരുടെ പ്രശ്‌നം ഉടൻ പരിഹരിക്കണമെന്ന് സിദ്ധു ട്വീറ്റിലൂടെ ആവശ്യപ്പെട്ടു. ഉയർന്ന തോതിൽ കൃഷി നടത്തുന്ന പഞ്ചാബിൽ കർഷകരോട് കാണിക്കുന്ന അവഗണന അനുവദിക്കാനാവില്ല. പഞ്ചാബിൽ കർഷകർക്ക് പ്രഖ്യാപിച്ച താങ്ങുവില അയൽ സംസ്ഥാനങ്ങളായ ഹരിയാന, ഉത്തർപ്രദേശ്, ഉത്താഖണ്ഡ് എന്നിവിടങ്ങളിലെ കർഷകർക്ക് ലഭിക്കുന്നതിനേക്കാൾ വളരെ കുറവാണ്.
2018ന് ശേഷം ഇപ്പോഴാണ് വില വർധിപ്പിക്കുന്നത്. എന്നാൽ ഉത്പാദന ചെലവിൽ 30 ശതമാനത്തോളം വർധനവുണ്ടായിട്ടുണ്ട്. താങ്ങ് വില ഉടൻ വർധിപ്പിക്കണമെന്നും കർഷകരുടെ കുടിശ്ശിക വിതരണം ചെയ്യണമെന്നും സിദ്ധു ആവശ്യപ്പെട്ടു. പഞ്ചസാര മില്ലുകളുടെ ആധുനികവത്കരണം നടപ്പാക്കണം. പഞ്ചാബ് സർക്കാരിന്റെ കാർഷിക നയം കർഷകർക്ക് ഗുണം ചെയ്യുന്നില്ലെന്നും ട്വീറ്റിൽ വിമർശനമുണ്ട്.
പാർട്ടിയും സർക്കാരും തമ്മിലുളള ഏകോപനം ശക്തമാക്കാൻ 10 അംഗ നയരൂപീകരണസമിതി വേണമെന്ന അമരീന്ദർ സിംഗിന്റെ പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് കോൺഗ്രസ് അധ്യക്ഷന്റെ ട്വീറ്റ്. ഇരു നേതാക്കളും തമ്മിലുളള വാക്‌പോര് തുടങ്ങിയിട്ട് നാളുകൾ ഏറെയായി. പ്രശ്‌നപരിഹാരമെന്ന നിലയ്‌ക്കാണ് ഹൈക്കമാന്റ് ഇടപെട്ട് സിദ്ധുവിനെ സംസ്ഥാന അധ്യക്ഷനാക്കിയത്.
ക്യാപ്റ്റൻ അമരീന്ദർ സിംഗിന്റെ കടുത്ത എതിർപ്പിനെ മറികടന്നാണ് ദേശീയ നേതൃത്വം സിദ്ധുവിനെ പാർട്ടിയുടെ അമരത്ത് പ്രതിഷ്ഠിച്ചത്. സിദ്ധുവിന്റെ നിരന്തര പ്രസ്താവനക്കെതിരെ അമരീന്ദർ സിംഗ് കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയാ ഗാന്ധിയോട് നേരത്തെ പരാതി പറഞ്ഞിരുന്നു. കോൺഗ്രസ് അധ്യക്ഷന്റെ വിമർശനം സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുമെന്നും പൊതുജനങ്ങൾക്കിടയിൽ തെറ്റായ സന്ദേശം നൽകുമെന്നം ക്യാപ്റ്റൻ നേതൃത്വത്തെ അറിയിച്ചതായി പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കുന്നു.
അടുത്ത വർഷം മാർച്ചിലാണ് സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺഗ്രസ് ഭരിക്കുന്ന ചുരുക്കം സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്തെ മുതിർന്ന നേതാക്കൾ തമ്മിലുണ്ടാകുന്ന വാക്‌പോര് കോൺഗ്രസ് ദേശീയ നേതൃത്വത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
Tags