കന്നഡ ചലച്ചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു.
August 24, 2021
ബെംഗളൂരു: കന്നഡ ചലച്ചിത്ര മേഖലയിൽ മയക്കുമരുന്ന് ഉപയോഗം വർധിക്കുന്നു. കഴിഞ്ഞ വർഷം കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചിലർ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ഫോറൻസിക് റിപ്പോർട്ടിൽ സ്ഥിരീകരിച്ചു. ബെംഗളൂരു പോലീസ് കമ്മീഷണർ കമൽ പന്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
കന്നഡ ചലച്ചിത്ര നടിമാരായ സഞ്ജന ഗൽറാണി, രാഗിണി ദ്വിവേദി, പാർട്ടി ഓർഗനൈസർ വിരേൻ ഖന്ന, മുൻ മന്ത്രി അന്തരിച്ച ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവ എന്നിവരും മയക്കുമരുന്ന് കേസിൽ അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
പ്രതികളുടെ മുടിയുടെ സാമ്പിളുകൾ ശേഖരിച്ചാണ് ഹൈദരാബാദിലേക്ക് പരിശോധനയ്‌ക്കായി അയച്ചത്. സിസിബിയുടെ അന്വേഷണ സംഘം ശേഖരിച്ച തെളിവുകൾ ഹൈദരാബാദിലെ ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ പരിശോധന നടത്തിയ ശേഷമാണ് പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് റിപ്പോർട്ടിൽ തെളിഞ്ഞത്.
കന്നഡ ചലച്ചിത്ര മേഖലയിലെ ആളുകളെ കൂടാതെ ഏതാനും ആഫ്രിക്കൻ പൗരന്മാരെയും അറസ്റ്റ് ചെയ്തിരുന്നു. പ്രതികളിലേക്ക് വിവരങ്ങൾ ചോർത്തുന്ന ഏതാനും പോലീസ് ഉദ്യോഗസ്ഥരെയും അന്വേഷണത്തിനിടെ സസ്‌പെൻഡ് ചെയ്തു. മയക്കുമരുന്ന് കൈവശം വച്ചതിന് 2020 ആഗസ്റ്റിൽ മുഹമ്മദ് അനൂപ്, റിജേഷ് രവീന്ദ്രൻ, അനിഖ ദിനേഷ് എന്നിവരെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സിസിബി നടപടിയിലേക്ക് നീങ്ങിയത്. ഇവരാണ് കന്നഡ ചലച്ചിത്ര മേഖലയിലെ ആളുകൾക്ക് മയക്കുമരുന്ന് വിതരണം ചെയ്തതെന്നും എൻസിബി പറഞ്ഞു.
Tags