കണ്ണൂരിൽ യുവതിയോട് ലൈംഗിക ചുവയോട് സംസാരിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് സസ്‌പെൻഷൻ

കണ്ണൂർ : കാർഷിക വായ്പ ചോദിച്ചെത്തിയ യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച സിപിഎം നേതാവിനെ സസ്‌പെൻഡ് ചെയ്തു. ധർമ്മടം അണ്ടല്ലൂർ കിഴക്ക് ബ്രാഞ്ച് സെക്രട്ടറി നിഖിൽ നരങ്ങോലിയെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തത്. ഒരു വർഷത്തേക്കാണ് നടപടി. പിണറായി ഫാർമേഴ്‌സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറി സ്ഥാനത്ത് നിന്ന് നിഖിലിനെ നേരത്തെ നീക്കിയിരുന്നു. പാർട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കിയതിനാണ് ബ്രാഞ്ച് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ജില്ലാ കമ്മറ്റി വ്യക്തമാക്കി. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. പിണറായി ഫാർമേഴ്‌സ് വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റിയിൽ ലോണിനായി അപേക്ഷിച്ച യുവതിക്കാണ് ഉദ്യോഗസ്ഥനിൽ നിന്നും ദുരനുഭവം ഉണ്ടായത്. സൊസൈറ്റി സെക്രട്ടറിയായ നിഖിൽ യുവതിയെ ഫോണിൽ അർദ്ധരാത്രി വിളിച്ച് ലൈംഗിക ചുവയോടെ സംസാരിക്കുകയും വാട്‌സാപ്പിൽ നിരന്തരം മെസേജ് അയക്കുകയും ചെയ്യുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ വന്നതോടെ യുവതി ബന്ധുക്കളെയും കൂട്ടി സൊസൈറ്റിയിലെത്തി സെക്രട്ടറിയെ പരസ്യമായി ചോദ്യം ചെയ്തു. നടപടി എടുത്തില്ലെങ്കിൽ സൊസൈറ്റിക്ക് മുന്നിൽ നിരാഹാരം കിടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റും മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം പ്രതിനിധിയുമായ പി ബാലനെ അറിയിച്ചതോടെയാണ് ജനറൽ ബോഡി ചേർന്നത്. തുടർന്ന് ഇയാളെ അന്വേഷണ വിധേയമായി ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയായിരുന്നു. എന്നാൽ ഇയാൾ വീണ്ടും ധർമ്മടം അണ്ടല്ലൂർ കിഴക്കുംഭാഗം സിപിഎം ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്ത് നിഖിൽ തുടരുകയായിരുന്നു.
Tags