ഓണം വിപണിയിൽ പൊടി പൊടിച്ചു മിൽമ; പാൽ തൈര് വിൽപ്പനയിൽ റെക്കോർഡ്

തിരുവനന്തപുരം: കേരളത്തിൽ കൊറോണ വ്യാപനം അതിരൂക്ഷമാണെങ്കിലും ഇത്തവണത്തെ ഓണ വിപണി പൊടി പൊടിച്ചത് മിൽമയാണ്. മിൽമ രൂപീകരിച്ച ശേഷം ഇതാദ്യമായാണ് കേരളത്തിൽ ഇത്രയേറെ പാലും തൈരും വിൽപന നടന്നത്. പായസത്തിനും മറ്റാവശ്യങ്ങൾക്കുമായി തിരുവോണനാളിലെ ഉപയോഗത്തിന് മലയാളികൾ വാങ്ങിയത് 36 ലക്ഷം ലീറ്റർ പാലാണ്. കഴിഞ്ഞ വർഷം ഇത് 31 ലക്ഷം ലീറ്റർ ആയിരുന്നു.
തൈരിന്റെ വിൽപനയിലുമുണ്ട് ഗണ്യമായ വർധന. 3.60 ലക്ഷം കിലോ തൈരാണ് തിരുവോണ ദിനത്തിനായി കേരളത്തിൽ മിൽമ വിറ്റഴിച്ചത്. കഴിഞ്ഞവർഷം ഇത് 3 ലക്ഷം ആയിരുന്നു. കേരളത്തിലെ പ്രതിദിന പാൽ ഉൽപാദനം 15 ലക്ഷം ലീറ്റർ ആയിരിക്കെ ഏറെ ആസൂത്രണത്തോടെയാണ് ഡിമാൻഡിനെ മിൽമ നേരിട്ടത്.
തിരുവനന്തപുരത്ത് 9.86 ലക്ഷം ലീറ്റർ പാലും 73,000 കിലോ തൈരും,എറണാകുളത്ത് നിന്ന് 12.8 ലക്ഷം ലീറ്റർ പാലും ,95,000 കിലോ തൈരുമാണ് ഓണനാളിൽ മലയാളികൾ വാങ്ങിയത്. കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിലും പാൽ വിൽപന റെക്കോർഡിലാണ്. കർണാടകയിൽ നിന്ന് 10 ലക്ഷം ലീറ്റർ പാലും തമിഴ്‌നാട്ടിൽ നിന്ന് 1.5 ലക്ഷം ലീറ്റർ പാലുമാണ് മിൽമ വിറ്റഴിച്ചത്.
Tags