ഓണ നിറവിൽ കേരളം; ഇന്ന് ചിത്തിര
August 12, 2021
കൊച്ചി: ഇന്ന് ഓണനിറവിന്റെ രണ്ടാം നാൾ. പൂക്കളത്തിന് ഇന്ന് ഒരു വട്ടം കൂടുതൽ പൂവിട്ട് വലുപ്പം കൂട്ടുന്നു. ചിത്തിര നാളിൽ മലയാളികൾ വീടു വൃത്തിയാക്കുന്ന തിരക്കിലാണ്. മൺസൂൺ മഴ ഒട്ടു ശമിച്ചതും അന്തരീക്ഷത്തിലേക്ക് സൂര്യപ്രകാശം കൂടുതലെത്തുന്നതും തൊടി വൃത്തിയാക്കുന്നതിന് സഹായമാകുന്നു. ശാസ്ത്രീയമായും അന്തരീക്ഷത്തിലെ ഈർപ്പം കുറയുന്നതോടെ ചവറുകളെല്ലാം കൂട്ടിയിട്ട് തീയിട്ടും പച്ചപ്പുല്ലുകൾ ചെത്തിവൃത്തിയാക്കുന്നതുമായ എല്ലാ ജോലികളിലേക്കും ഗ്രാമീണ കേരളം കടക്കുന്ന സമയമാണിത്. അത്തം നാളിൽ മഴവിട്ടു നിന്നതിന്റെ സന്തോഷത്തിലാണ് കച്ചവടക്കാരും ജനങ്ങളും.
വീടുകൾ പരമ്പരാഗതമായി നിരവധി പലഹാരങ്ങൾ ഉണ്ടാക്കാനുള്ള തയ്യാറെടുപ്പു തുടങ്ങുന്ന സമയാണ് ചിത്തിര. അതിനാൽ തന്നെ വലിയ പാത്രങ്ങളും തട്ടിൻ പുറത്തെ കുട്ടകളുമടക്കം എടുത്ത് വെയിലത്തുവയ്‌ക്കുകയും വൃത്തിയാക്കുകയും ചെയ്യുക എന്നത് പ്രധാന ജോലിയാണ്. ഒരു കാലത്ത് ഇതിനായി തന്നെ ദിവസങ്ങൾ മാറ്റിവെച്ചിരുന്നു. മുറം ചാണകം മെഴുകി ഉണക്കി വയ്‌ക്കാൻ നല്ല വെയിലുവരാൻ കാത്തിരിക്കുമായിരുന്നു. വിവിധ തരം ഉപ്പേരികൾ ഒരു കാലത്ത് വീടുകളിൽ എല്ലാവരും ചേർന്നാണ് ചെയ്തിരുന്നത്. ഇന്ന് വലിയൊരു ശതമാനം അത്തരം ജോലികളെല്ലാം കച്ചവടക്കാരിലേക്ക് ഒതുങ്ങിക്കഴിഞ്ഞു.
Tags