ഞാനായിരുന്നെങ്കിൽ കാണാമായിരുന്നു”; അഫ്ഗാനിലെ താലിബാൻ അതിക്രമങ്ങൾക്ക് കാരണം ബൈഡനെന്ന് ട്രംപ്

അഫ്ഗാനിസ്ഥാനിലെ താലിബാൻ അതിക്രമങ്ങളിൽ അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡനെ വിമർശിച്ച് മുൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. അഫ്ഗാനിൽ നിന്ന് ഒരു ഉപാധിയുമില്ലാതെ ബൈഡൻ സൈന്യത്തെ പിൻവലിച്ചതാണ് താലിബാൻ്റെ അതിക്രമങ്ങൾക്ക് കാരണമായതെന്ന് ട്രംപ് ആരോപിച്ചു. താനായിരുന്നെങ്കിൽ കുറച്ചുകൂടി നല്ല രീതിയിൽ ഈ വിഷയം കൈകാര്യം ചെയ്യുമായിരുന്നു എന്നും ട്രംപ് പറഞ്ഞു. (trump criticizes biden taliban) ട്രംപ് പ്രസിഡൻ്റ് ആയിരുന്ന സമയത്താണ് അഫ്ഗാനിസ്ഥാനിൽ നിന്ന് യുഎസ് സൈന്യത്തെ പിൻവലിക്കാൻ താലിബാനും അമേരിക്കയും തമ്മിൽ ധാരണയായത്. 2020ൽ ദോഹയിൽ വച്ച് നടന്ന കൂടിക്കാഴ്ചയിൽ താലിബാനിൽ നിന്ന് ചില ഉറപ്പുകളും ട്രംപ് ഭരണകൂടം എഴുതിവാങ്ങിയിരുന്നു. ഈ ധാരണ പ്രകാരം 2021 മെയ് മാസത്തോടെ അഫ്ഗാനിൽ അമേരിക്ക മുഴുവൻ സൈന്യത്തെയും പിൻവലിക്കുമെന്നായിരുന്നു കരാർ. ബൈഡൻ ഭരണത്തിലേറിയപ്പോൾ ഈ കരാറിൽ മാറ്റം വരുത്തിയിരുന്നു. “ഇപ്പോൾ ഞാനാണ് പ്രസിഡൻ്റ് ആയിരുന്നതെങ്കിൽ അഫ്ഗാനിസ്ഥാനിൽ നിന്ന് ഞങ്ങൾ നിബന്ധനകൾ വച്ചേ സൈന്യത്തെ പിൻവലിക്കുമായിരുന്നുള്ളൂ. ഞാൻ മുതിർന്ന താലിബാൻ നേതാക്കളുമായി ചർച്ച നടത്തി അവർ ചെയ്യുന്നത് എന്താണെന്ന് അറിയിക്കുകയും അത് ഒരിക്കലും ഞങ്ങൾക്ക് അംഗീകരിക്കാനാവില്ലെന്ന് അവരെ അറിയിക്കുകയും ചെയ്തേനെ. അത് ഇതിനെക്കാൾ വ്യത്യസ്തവും വിജയകരവുമായ ഒരു ഉടമ്പടി ആയേനെ. അത് താലിബാന് നന്നായി അറിയാം.”- ട്രംപ് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ ഹെരാത് പൊലീസ് ആസ്ഥാനം താലിബാൻ പിടിച്ചെടുത്തിരുന്നു. യാതൊരു ചെറുത്തുനില്പും കൂടാതെയാണ് താലിബാൻ ഏറെ പ്രധാനപ്പെട്ട പൊലീസ് ആസ്ഥാനം പിടിച്ചെടുത്തത്. ഇതോടെ നിരവധി വാഹനങ്ങളും ആയുധങ്ങളും തിരകളുമാണ് താലിബാൻ്റെ അധീനതയിലായത്. അഫ്ഗാനിസ്ഥാനിൽ ഇന്ന് അമേരിക്ക സൈന്യത്തെ പിൻവലിച്ചതിനു പിന്നാലെ താലിബാൻ രാജ്യത്ത് പിടിമുറുക്കുകയാണ്. മൂന്ന് പ്രവിശ്യാ തലസ്ഥാനങ്ങൾ കൂടി ഇപ്പോൾ താലിബാൻ പിടിച്ചെടുത്തു. ഒരു സൈനിക ആസ്ഥാനവും താലിബാൻ കൈക്കലാക്കി. കഴിഞ്ഞ ഒരാഴ്ചക്കിടെ 6 പ്രവിശ്യാ തലസ്ഥാനങ്ങളാണ് താലിബാൻ പിടിച്ചെടുത്തിരുന്നത്. ഇപ്പോൾ രാജ്യത്തിൻ്റെ മൂന്നിൽ രണ്ട് പ്രദേശങ്ങളും താലിബാൻ്റെ അധീനതയിലാണ്. 30 ദിവസത്തിനുള്ളിൽ കാബൂളിനെ ഒറ്റപ്പെടുത്തി 90 ദിവസത്തിനുള്ളിൽ താലിബാൻ രാജ്യതലസ്ഥാനം പിടിച്ചടക്കുമെന്നാണ് വിവരം.
Tags