മമ്മൂട്ടിയും മോഹൻലാലും ദുബായിൽ: വൈറലായി താരങ്ങളുടെ പുതിയ ചിത്രങ്ങൾ

ഷാർജ: വ്യവസായി എംഎ യൂസഫ് അലിയുടെ സഹോദരൻ അഷ്‌റഫ് അലിയുടെ മകന്റെ വിവാഹ ചടങ്ങിൽ അതിഥികളായി മലയാളത്തിന്റെ പ്രിയതാരങ്ങൾ. ഷാർജയിൽ നടന്ന ചടങ്ങിലാണ് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് പങ്കെടുത്തത്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. യു.എ.ഇ സർക്കാർ നൽകുന്ന ഗോൾഡൻ വിസ സ്വീകരിക്കുന്നതിനും വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനുമായായിരുന്നു മമ്മൂട്ടിയും മോഹൻലാലും എത്തിയത്. 10 വർഷം കാലാവധിയുള്ള ദീർഘകാല താമസ വീസയായ ഗോൾഡൻ വീസയ്‌ക്ക് ഇതാദ്യമായാണ് മലയാള സിനിമ മേഖലയിൽ നിന്നുള്ളവർക്ക് ലഭിക്കുന്നത്. വിവിധമേഖലകളിൽ സംഭാവന നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വീസ നൽകുന്നത്. നേരത്തെ ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് ഉൾപെടെയുള്ള സിനിമ താരങ്ങൾക്കും സാനിയ മിർസ ഉൾപെടെയുള്ള കായിക താരങ്ങൾക്കും ഗോൾഡൻ വിസ നൽകിയിരുന്നു