അഫ്ഗാനിൽ നിന്ന് മുഴുവൻ മലയാളികളേയും തിരിച്ചെത്തിച്ചു: രാജ്യത്തേയ്‌ക്ക് എത്തിയവരിൽ നവജാത ശിശുവും

ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ അകപ്പെട്ട എല്ലാ മലയാളികളേയും രാജ്യത്ത് തിരിച്ചെത്തിച്ചു. ഇന്ന് രാവിലെ കാബൂളിൽ നിന്ന് ഗാസിയാബാദ് വിമാനത്താവളത്തിലെത്തിയ വ്യോമസേനയുടെ സി 17 വിമാനത്തിലാണ് എല്ലാവരേയും തിരിച്ചെത്തിച്ചത്. ഇതിന് പുറമെ പ്രത്യേക ഐഎഎഫ് വിമാനത്തിൽ പാസ്‌പോർട്ട് ഇല്ലാത്ത നവജാത ശിശുവും ഉണ്ടായിരുന്നു. 168 പേരുമായാണ് വ്യോമസേന വിമാനം ഗാസിയാബാദിലെ ഹിന്റൺ ബേസിൽ ലാൻഡ് ചെയ്തത്. ഗാസിയാബാദ് വിമാനത്താവളത്തിലിറങ്ങിയ യാത്രക്കാർക്ക് ആർടിപിസിആർ ടെസ്റ്റ് അടക്കം നടത്തിയ ശേഷമാമാണ് പുറത്തേയ്‌ക്ക് കടത്തിവിടുന്നത്. ഇവിടെ നിന്നും വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ യാത്രക്കാരെ ഡൽഹിയിലെത്തിക്കുകയും ചെയ്തു. അഫ്ഗാൻ രക്ഷാദൗത്യത്തിന്റെ ഭാഗമായി രാജ്യത്ത് ഇതുവരെ 390 പേരെയാണ് തിരികെ എത്തിച്ചത്. വ്യോമസേനയുടെ വിമാനത്തിൽ തിരിച്ചെത്തിച്ച 168 പേരെ ഇന്നലെ താലിബാൻ തടഞ്ഞുവെച്ചതായി വാർത്തകളുണ്ടായിരുന്നു. പരിശോധനയ്‌ക്ക് വിധേയമാക്കിയ ശേഷമാണ് ഇവരെ താലിബാൻ വിട്ടയച്ചത്.
Tags