കല്യാൺ സിംഗിന് അന്ത്യോപചാരം അർപ്പിച്ച് യോഗി ആദിത്യനാഥ്; ഗംഗാ തീരത്ത് സംസ്‌കാര ചടങ്ങുകൾ നടത്തും

ലക്‌നൗ : ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗിന്റെ മൃതദേഹം ഗംഗാ തീരത്ത് സംസ്‌കരിക്കും. ഉത്തർപ്രദേശിലെ നരോരയിലുള്ള ഗംഗാ നദിയുടെ തീരത്ത് നാളെയാണ് സംസ്‌കാര ചടങ്ങുകൾ നടത്തുക. ആരോഗ്യനില മോശമായതിനെ തുടർന്ന് ലക്നൗവിലെ സഞ്ജയ് ഗാന്ധി മെഡിക്കൽ കോളേജിൽ വെച്ച് ഇന്നലെയായിരുന്നു അന്ത്യം. കല്യാൺ സിംഗിന്റെ വേർപാടിൽ പ്രധാനമന്ത്രിയും, രാഷ്‌ട്രപതിയുമുൾപ്പെടെ നിരവധി പ്രമുഖ നേതാക്കൾ അനുശോചനം അറിയിച്ചു. കല്യാൺ സിംഗിന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കാനായി ഇന്ന് വിധാൻ സഭയിലെത്തിക്കും. ഉച്ചയ്‌ക്ക് ഒരു മണി വരെ ഇവിടെ പൊതു ദർശനത്തിന് വെക്കാനാണ് തീരുമാനം. 2.30 വരെ ബിജെപി ഓഫീസിൽ വെച്ച ശേഷം ഭൗതികശരീരം അട്രൗലിയിലേക്ക് കൊണ്ടുപോകും. നരോരയിലെ ഗംഗാ തീരത്തായിരിക്കും മൃതദേഹം സംസ്‌കരിക്കുക എന്ന് യുപി ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി അശ്വനീഷ് കെ അവസ്ഥി അറിയിച്ചു. അതേസമയം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, കല്യാൺ സിംഗിന് അന്ത്യോപചാരം അർപ്പിച്ചു. കല്യൺ സിംഗിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് ഉത്തർപ്രദേശിൽ മൂന്ന് ദിവസം ദുഖാചരണം നടത്തുമെന്ന് യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും കല്യാൺ സിംഗിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തും എന്നാണ് വിവരം.
Tags