മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂലം മൂന്ന് മരണം
August 13, 2021
മഹാരാഷ്ട്രയിൽ ഡെൽറ്റ പ്ലസ് വകഭേദം മൂന്ന് മരണം റിപ്പോർട്ട് ചെയ്തു. രത്‌നഗിരി, റായ്‌ഗഡ്, മുംബൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്.
സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി വർധിച്ചതായി മഹാരഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയർന്നത്.
പുതിയതായി തിരിച്ചറിഞ്ഞ 20 രോഗികളിൽ ഏഴ് പേർ മുംബൈയിലാണ്. പുണൈയിൽ മൂന്ന്, നന്ദേഡ്, ഗോണ്ടിയ, റായ്ഗഡ്, പാൽഘർ എന്നിവിടങ്ങളിൽ രണ്ട് വീതം, ചന്ദ്രാപുരിലും അകോലയിലും ഓരോ രോഗികളുമാണുള്ളതെന്ന് മഹാരാഷ്ട്ര ആരോഗ്യ വകുപ്പിന്റെ കണക്കുകൾ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ എ.എൻ.ഐ. റിപ്പോർട്ട് ചെയ്തു.
ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരിൽ അധികവും 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ നിന്ന് 33 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു. 46 മുതൽ 60 വയസ്സുവരെയുള്ള പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേർക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേർക്കും ഡെൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.
Tags