ശബരിമല:നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട
മറ്റന്നാള്‍(15.08.2021) വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ
മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍
തെളിക്കും.ശേഷം ഉപദേവതാക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിക്കും.തുടര്‍ന്ന് തന്ത്രി വിഭൂതി പ്രസാദം
വിതരണം ചെയ്യും.നിറപുത്തരിപൂജകള്‍ക്കായി 16 ന് പുലര്‍ച്ചെ 5 മണിക്ക് ക്ഷേത്ര നട തുറക്കും.തുടര്‍ന്ന്
നിറപുത്തരിക്കായി ക്ഷേത്ര തിരുമുറ്റത്ത് എത്തിച്ച ,ശബരിമലയില്‍ കരനെല്‍കൃഷിചെയ്ത നെല്‍കറ്റകള്‍, മേല്‍ശാന്തി ആചാരപൂര്‍വ്വം ശിരസ്സിലേറ്റി നിറപുത്തരിപൂജയ്ക്കായി ക്ഷേത്രശ്രീകോവിലിനുള്ളിലേക്ക് കൊണ്ട്പോകും.പൂജകള്‍ക്ക് ശേഷം തന്ത്രി കണ്ഠരര് മഹേഷ് മോഹനര് നെല്‍കതിരുകള്‍ ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.16 ന് പുലര്‍ച്ചെ 5.55 ന് മേല്‍ 6.20നകമുള്ള മുഹൂര്‍ത്തത്തിലാണ് നിറപുത്തരിപൂജ.16 മുതല്‍ 23 വരെ ഭക്തരെ ശബരീശദര്‍ശനത്തിനായി
കടത്തിവിടും.ഓണ്‍ലൈനിലൂടെ ബുക്ക്ചെയ്ത് ദര്‍ശനാനുമതി ലഭിച്ച ഭക്തര്‍ക്ക് മാത്രമെ ഇക്കുറിയും
ശബരിമലയിലെത്താനാവുകയുള്ളൂ.ദര്‍ശനത്തിനായി സമയം അനുവദിച്ച് കിട്ടിയ അയ്യപ്പഭക്തര്‍ കൊവിഡ് 19 ന്‍റെ
രണ്ട്ഡോസ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ 48 മണിക്കൂറിനുള്ളിലെടുത്ത കൊവിഡ് 19
ആര്‍ടിപിസി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതേണ്ടതാണ്.17 ന് ആണ് ചിങ്ങം ഒന്ന്.ഓണം നാളുകളില്‍ കൊവിഡ് 19 പ്രോട്ടോകോള്‍ പൂര്‍ണ്ണമായും പാലിച്ച് ഭക്തര്‍ക്കായി ഓണസദ്യയും നല്‍കും.ആഗസ്റ്റ് 23 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്ര തിരുനട അടയ്ക്കും.ആഗസ്റ്റ് മാസത്തില്‍ ക്ഷേത്രനട തുറന്നിരിക്കുന്ന 8 ദിവസങ്ങളില്‍ പ്രതിദിനം 15,000 എന്നകണക്കിന്,ഭക്തര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ പ്രവേശനാനുമതി നല്‍കിയിട്ടുണ്ട്.കന്നിമാസ പൂജകള്‍ക്കായി സെപ്റ്റംബര്‍ 16 ന് ശബരിമല നടതുറക്കും.
സുനില്‍ അരുമാനൂര്‍
പബ്ലിക് റിലേഷൻസ് ഓഫീസര്