ചൈനയിൽ കൊറോണ വ്യാപനം രൂക്ഷം; 75 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു; ഭീഷണിയായി ഡെൽറ്റ വകഭേദം

ബെയ്ജിംഗ് : ചൈനയിലെ കൊറോണ വ്യാപനം വീണ്ടും ലോകത്തിന് ആശങ്കയാകുന്നു. ഞായറാഴ്ച 75 പേർക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 300 കടന്നിട്ടുണ്ട്. 18 പ്രവിശ്യകളിലെ 27 നഗരങ്ങളിലാണ് നിലവിൽ രോഗവ്യാപനം വർദ്ധിക്കുന്നത്. ഇതിൽ നൻജാങ് ആണ് രോഗവ്യാപനത്തിൽ ഏറ്റവും മുൻപന്തിയിലുള്ള നഗരം. വുഹാനിൽ കൊറോണയുടെ ആദ്യഘട്ടത്തിൽ ഉണ്ടായതിന് സമാനമായ രോഗവ്യാപനമാണ് ഇപ്പോൾ ഇവിടെയുള്ളത്. കൊറോണയുടെ ഡെൽറ്റാ വകഭേദമാണ് രോഗികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്നാണ് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രോഗം കണ്ടെത്തിയവരിൽ 53 പേരൊഴികെ മറ്റെല്ലാവർക്കും ഡെൽറ്റാ വകഭേദമാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ലക്ഷണങ്ങൾ പ്രകടമാകാത്ത 16 കേസുകളാണ് 24 മണിക്കൂറിനിടെ ചൈനയിൽ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിന് പുറമേ ഹൈ റിസ്‌ക് മേഖലകളുടെ എണ്ണത്തിലും വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച 91 മേഖലകളെയാണ് ചൈനീസ് സർക്കാർ ഹൈ റിസ്‌ക് പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നത് എങ്കിൽ, ഞായറാഴ്ച ഇത് 95 ആയി ഉയർന്നിട്ടുണ്ട്.
Tags