യുഎൻ സുരക്ഷാ കൗൺസിലിന്റെ ആഗസ്റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ ; 9 ന് നടക്കുന്ന യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ധ്യക്ഷൻ
August 01, 2021
ന്യൂഡൽഹി : ഐക്യരാഷ്‌ട്രസഭ സുരക്ഷാ കൗൺസിലിന്റെ ആഗസ്റ്റ് മാസത്തെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് ഇന്ത്യ . ആഗസ്റ്റ് ഒമ്പതിന് നടക്കുന്ന രക്ഷാസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ധ്യക്ഷത വഹിക്കും . സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവിരുദ്ധത എന്നീ മൂന്ന് പ്രധാന മേഖലകളിൽ ഇന്ത്യ ഈ മാസത്തിൽ പരിപാടികൾ സംഘടിപ്പിക്കും.
ഇത് പത്താമത്തെ തവണയാണ് ഇന്ത്യ സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് . 1950 ജൂൺ , 1967 സെപ്റ്റംബർ , 1972 ഡിസംബർ , 1977 ഒക്ടോബർ , 1985 ഫെബ്രുവരി , 1991 ഒക്ടോബർ , 1992 ഡിസംബർ , 2011 ആഗസ്റ്റ് , 2012 നവംബർ എന്നീ കാലയളവിൽ ഇന്ത്യ യുഎൻ സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്തിട്ടുണ്ട്.
ഇന്ത്യ 75 -0) മത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അതേ മാസം തന്നെ സുരക്ഷാ കൗൺസിലിന്റെ അദ്ധ്യക്ഷസ്ഥാനം ലഭിക്കുന്നത് അഭിമാനമാണെന്ന് , യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടിഎസ് തിരുമൂർത്തി പറഞ്ഞു .
യുഎൻ സെക്യൂരിറ്റി കൗൺസിലിന്റെ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ഇന്ത്യയെ അഭിനന്ദിച്ച് റഷ്യയും രംഗത്തെത്തി . സമുദ്ര സുരക്ഷ, സമാധാന പരിപാലനം, തീവ്രവാദത്തിനെതിരായ പരിപാടികൾ എന്നിവ അജണ്ടയായി ഏറ്റെടുത്ത ഇന്ത്യയുടെ നയം മതിപ്പുളവാക്കുന്നുവെന്നും റഷ്യൻ അംബാസഡർ നിക്കോളായ് കുടഷേവ് ട്വീറ്റ് ചെയ്തു
സമുദ്ര സുരക്ഷ, സമാധാന പരിപാലനം, തീവ്രവാദ വിരുദ്ധത തുടങ്ങിയ തന്ത്രപ്രധാന വിഷയങ്ങളിൽ ഇന്ത്യയുമായി സഹകരിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഫ്രാൻസ് പറഞ്ഞു. അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഇന്ത്യയുടെ ആദ്യ പ്രവൃത്തി ദിവസം ആഗസ്റ്റ് 2 ആണ് . ടിഎസ് തിരുമൂർത്തി യുഎൻ ആസ്ഥാനത്ത് കൗൺസിലിന്റെ ഈ മാസത്തെ പ്രവർത്തന പരിപാടി സംബന്ധിച്ച് പത്രസമ്മേളനവും നടത്തും
Tags